പൗരത്വ ഭേദഗതി; ”പ്രതിഷേധസമരത്തിന് പിണറായി വിജയന്‍ നേതൃത്വം നല്‍കിയാല്‍ പിന്നില്‍ അണിനിരക്കുമെന്ന് സമസ്ത; എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമരം മാത്രമേ വിജയിക്കൂ”; നിലപാട് പ്രഖ്യാപനം മുഖപത്രത്തിലൂടെ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ അണിനിരക്കാന്‍ തയാറാണെന്ന് സമസ്ത.

സംഘടന മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് സമസ്ത നിലപാട് പ്രഖ്യാപിച്ചത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഒരു സമരം മാത്രമേ വിജയിക്കൂയെന്നും അതിന് പിണറായി വിജയന്‍ നേതൃത്വം കൊടുത്താല്‍ പിന്നില്‍ അണിനിരക്കുമെന്നും സമസ്ത വ്യക്തമാക്കി.

രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് തലമുതിര്‍ന്ന രാഷ്ട്രീയ പാര്‍ടി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.

ഈ നിര്‍ണായക ഘട്ടത്തില്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഒരു സമരം മാത്രമേ വിജയിക്കൂ. അത്തരമൊരു സമരത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ അതിനു പിന്നില്‍ അണിനിരക്കാന്‍ ജനാധിപത്യ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജാതിമത ഭേദമന്യേയുള്ള ജനത മടിക്കരുതെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.

രാജ്യമൊട്ടാകെ പ്രതിഷേധാഗ്‌നിയില്‍ കത്തിയെരിയുമ്പോള്‍ പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും ന്യൂനപക്ഷത്തിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ചുരുക്കിക്കെട്ടാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിക്കുകയാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

മുസ്ലീം ന്യൂനപക്ഷത്തെ ബാധിച്ച ഏറ്റവും വലിയ ആഘാതമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. അത് നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രി പി വി നരസിംഹറാവു ആയിരുന്നു. അന്ന് ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടഞ്ഞിരുന്നുവെങ്കില്‍ ഫാസിസ്റ്റ് കക്ഷികള്‍ ശക്തിയാര്‍ജിച്ച് പൗരത്വ നിയമഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ധൈര്യപ്പെടുകയില്ലായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ സമസ്ത ഓര്‍മിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News