രാജ്യത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടം; കൊല്ലപ്പെട്ടവരുടെ എണ്ണം 23; പ്രതികാരനടപടിയുമായി യോഗി സര്‍ക്കാര്‍

രാജ്യത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 23. ഉത്തര്‍പ്രദേശില്‍ മാത്രം 15 പേരെ പൊലീസ് വധിച്ചു.

അസമില്‍ ആറുപേരും കര്‍ണാടകത്തില്‍ രണ്ട് പേരും തോക്കിനിരയായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പ്രക്ഷോഭകരെ തോക്കുകൊണ്ട് നേരിടുന്നത്. യുപിയിലെ മുസഫര്‍നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പൊലീസ് വെടിവെച്ചുകൊന്നതില്‍ ബിജെപി എംപി സഞ്ജീവ് ബല്യാണിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു.

അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകരുടെ കൂട്ടായ്മ പറഞ്ഞു. പ്രദേശത്ത് ന്യൂനപക്ഷവിഭാഗങ്ങളുടെ വീടുകളും വാഹനങ്ങളും പൊലീസുകാര്‍ നശിപ്പിച്ചു. നൂറുകണക്കിനുപേരെ പിടിച്ചുകൊണ്ടുപോയി.

മീററ്റില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഫിറോസാബാദിലും ബിജ്‌നോറിലും രണ്ട് പേര്‍ വീതം മരിച്ചു. സംബാല്‍, കാണ്‍പുര്‍, വാരാണസി, ലഖ്‌നൗ എന്നിവിടങ്ങളില്‍ ഓരോ മരണമുണ്ടായി. 21 ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം തുടരുന്നു.

കാണ്‍പുരില്‍ പൊലീസ് ഔട്ട്‌പോസ്റ്റിനു തീയിട്ടു. ഡല്‍ഹി ജുമാമസ്ജിദില്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയതിന് പൊലീസ് അറസ്റ്റുചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹി ഗേറ്റ്, ജന്തര്‍ മന്ദര്‍, ജാമിയ മിലിയ എന്നിവിടങ്ങളില്‍ പ്രതിഷേധമുണ്ടായി.

ഓള്‍ഡ് ദില്ലിയിലെ സംഘര്‍ഷത്തിന്റെ പേരില്‍ 15 പേരെ അറസ്റ്റുചെയ്തു. ദില്ലിയിലെ ഉത്തര്‍പ്രദേശ് ഭവന് സുരക്ഷ ശക്തമാക്കി. ബിഹാറില്‍ ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദ് സമാധാനപരവും പൂര്‍ണവുമായിരുന്നു. പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പലയിടത്തും ട്രെയിനുകള്‍ തടഞ്ഞു.

മധ്യപ്രദേശിലെ 52ല്‍ 50 ജില്ലകളിലും ആളുകള്‍ കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഭോപാലിലും ജബല്‍പുരിലും നിശാനിയമം പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ചാര്‍മിനാറിനു സമീപം ഹര്‍ത്താലാചരിച്ചു.

മഹാരാഷ്ട്രയില്‍ നാഗ്പുരില്‍ പ്രകടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കുര്‍ള എല്‍ബിഎസ് മാര്‍ഗില്‍ പ്രതിഷേധയോഗം ചേര്‍ന്നു. ഹിങ്കോളി ജില്ലയില്‍ രണ്ടിടത്ത് സംഘര്‍ഷമുണ്ടായി. 130 പേര്‍ക്കെതിരെ കേസെടുത്തു.

എന്‍ആര്‍സി നടപ്പാക്കിയാല്‍ ചത്തീസ്ഗഢില്‍ പകുതിയോളം പേര്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ പറഞ്ഞു. ജനകീയപ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ്പവാര്‍ പറഞ്ഞു.

എതിര്‍ശബ്ദം അടിച്ചമര്‍ത്തുന്നതില്‍ ശിവസേനാ നേതാവ് ആദിത്യ താക്കറേ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കാണാനില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.
ഇതിന്റെ ഭാഗമായി മുസഫര്‍നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News