കാല്‍പ്പന്ത് ഉരുണ്ടു;ബീച്ച് ഗെയിംസിന് തുടക്കമായി

കൊല്ലത്തിന്റെ വ്യാപാര വിനോദ സാധ്യതകള്‍ക്ക് പുതിയ ആവേശം നല്‍കി ബീച്ച് ഗെയിംസിനും കൊല്ലം കാര്‍ണിവലിനും വ്യാപാരോത്സവം ട്വന്റി 20ക്കും തുടക്കമായി. കൊല്ലം ബീച്ചില്‍ സജ്ജമാക്കിയ പ്രത്യേക വേദിയില്‍ കാല്‍പന്ത് തട്ടി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.

ബഹുസ്വരതയുടെയും ഐക്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശമാണ് തീരോത്സവങ്ങളിലൂടെ കേരളം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന ഘട്ടത്തിലും വ്യാപാര മേഖലയെ ഉണര്‍ത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ തുടരും. ടൂറിസ്റ്റുകള്‍ക്ക് സമാധാനപരമായി സന്ദര്‍ശിക്കാന്‍ കഴിയുന്ന നാടാണ് നമ്മുടേത്. സാഹചര്യങ്ങളെ ഗുണപരമായി വിനിയോഗിക്കാന്‍ നമുക്ക് കഴിയണം. മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വിഭജിക്കാനുള്ള നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വ്യാപാരോത്സവത്തിന്റെ സമ്മാന കൂപ്പണുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

മേയര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷയായി. ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, വ്യാപാരി വ്യവസായി പ്രതിനിധികളായ എസ് ദേവരാജന്‍, കെ കെ നിസാര്‍, കൗണ്‍സിലര്‍ വിനിത വിന്‍സെന്റ്, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികളായ എച്ച് ബെയ്‌സില്‍ ലാല്‍, ബിജു ലൂക്കോസ്, കെ രാജീവന്‍, എസ് സ്റ്റീഫന്‍, ഡി ടി പി സി സെക്രട്ടറി സന്തോഷ് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ രാമഭദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സിനിമാ താരങ്ങളായ സൂരജ് സാജന്‍, സേതുലക്ഷ്മി, സംവിധായകന്‍ കുഞ്ഞുമോന്‍ താഹ എന്നിവര്‍ വിശിഷ്ടാഥിതികളായി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ സ്വാഗതവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here