ബിജെപി നിലപാടുകളില്‍ എതിര്‍പ്പുമായി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയങ്ങളില്‍ ബിജെപി നിലപാടില്‍ ശക്തമായ എതിര്‍പ്പുമായി എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപിയുടെ അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ രംഗത്തെത്തി. നിയമത്തിനെതിരെ രാജ്യത്ത് അതൃപ്തി വളര്‍ന്നുവരികയാണെന്ന് ചിരാഗ് പാസ്വാന്‍ ട്വീറ്റ് ചെയ്തു. ഈ അവസ്ഥ രാജ്യത്ത് ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നല്‍കി ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഡിസംബര്‍ ആറിന് അയച്ച കത്തും ചിരാഗ് പുറത്തുവിട്ടു.

ജനങ്ങളില്‍ ഗണ്യമായ വിഭാഗത്തില്‍ രൂപംകൊണ്ട ആശയക്കുഴപ്പം അകറ്റുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതായി ചിരാഗ് ട്വീറ്റില്‍ വ്യക്തമാക്കി. സാധാരണജനങ്ങളുടെ താല്‍പ്പര്യത്തിനു നിരക്കാത്ത ഏതു നിയമനിര്‍മാണത്തെയും എല്‍ജെപി എതിര്‍ക്കും. ദളിതരുടെയും മുസ്ലിങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇതരവിഭാഗങ്ങളുടെയും ആശങ്കകള്‍ക്ക് ഒപ്പം എല്‍ജെപി നിലകൊള്ളുമെന്നും ചിരാഗ് ട്വിറ്ററില്‍ പ്രതികരിച്ചു.

വിവാദപരമായ പൗരത്വനിയമം ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎയുടെ അടിയന്തരയോഗം വിളിക്കണമെന്ന് ഡിസംബര്‍ ആറിന്റെ കത്തില്‍ ചിരാഗ് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത ആശയങ്ങള്‍ പുലര്‍ത്തുന്ന പാര്‍ടികളുടെ സഖ്യമാണ് എന്‍ഡിഎ. ഇത്തരമൊരു ഗൗരവതരമായ വിഷയത്തില്‍ എല്ലാവരുടെയും ആശങ്ക കണക്കിലെടുക്കണമെന്ന് കത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News