പണം തിരിച്ചുകൊടുക്കാന്‍ തൊഴിലാളിയെ തിരഞ്ഞ് ഹോട്ടലുടമ, ബാലുശ്ശേരിക്കാരെ നിങ്ങള്‍ക്കറിയുമോ ഒരു മുഹമ്മദിനെ

സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സഹായിച്ച തൊഴിലാളിയെ ഒരു ഹോട്ടലുടമ വര്‍ഷങ്ങളായി അന്വേഷിച്ചു നടക്കുകയാണ്. ഗള്‍ഫില്‍ ഹോട്ടല്‍ നഷ്ടത്തിലായി തിരിച്ചുപോന്ന മലപ്പുറം വീതനശ്ശേരി സ്വദേശി ഉസ്മാനാണ് തൊഴിലാളിയെ തിരഞ്ഞ് നടക്കുന്നത്.

ഗള്‍ഫിലെ തന്റെ ഹോട്ടലിലെ ക്ലീനിങ് ജോലിക്കാരനായ മുഹമ്മദ് എന്നയാള്‍ പ്രതിസന്ധിഘട്ടത്തില്‍ നല്‍കിയ തുക തിരികെ നല്‍കാനാണ് ഉസ്മാന്‍ അലയുന്നത്.

ഇതൊരു വലിയ കഥയാണ്. വലിയ മനസ്സുള്ള രണ്ട് മനുഷ്യരുടെ കഥ. 2008ല്‍ ഹോട്ടല്‍ സംരഭവുമായി മലപ്പുറം വണ്ടൂരിലെ കുന്നുമ്മല്‍ ഉസ്മാന്‍ സൗദിയിലെത്തുന്നു. റിയാദിലെ സഹര അസീരില്‍. ഹോട്ടലിന്റെ പേര് കൈരളി. റിയാദിലെ ഒരു നിയമപരിഷ്‌കാരം ഹോട്ടല്‍ പ്രതിസന്ധിയിലാക്കി.

ഹോട്ടല്‍ പുതുക്കിപണിയേണ്ടി വന്നു. അത് നടന്നെങ്കിലും പിന്നെ കച്ചവടം നടന്നില്ല. 47ലക്ഷം രൂപയുടെ കടബാധ്യതയുമായി നാട്ടിലേക്ക് പെട്ടെന്ന് തിരിച്ചുപോരേണ്ടിവന്ന സാഹചര്യമുണ്ടായി. അപ്പോള്‍ ഹോട്ടലിലെ തൊഴിലാളി ബാലുശ്ശേരി സ്വദേശി മുഹമ്മദ് 2800 റിയാല്‍ നല്‍കി. പിന്നീട് വീട്ടിലേക്ക് ആയച്ചാല്‍ മതിയെന്ന് പറഞ്ഞു.

ആ അഡ്രസ്സും സൗദിയിലെ ഫോണ്‌നമ്പറും എന്നാല്‍ നഷ്ടപ്പെട്ടു.നാട്ടിലെത്തിയത് മുതല്‍ അന്വേഷിക്കുകയാണ് മുഹമ്മദിനെ. അഞ്ചുവര്‍ഷമായി എല്ലാ ആഴ്ചയും വണ്ടൂരില്‍ നിന്ന് ബാലുശ്ശേരിയിലെത്തി അന്വേഷിക്കും. സൗദിയിലും സുഹൃത്തുകള്‍ വഴി അന്വേഷിച്ചു.
ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

വണ്ടൂരിലും നിലമ്പൂരിലും ഹോട്ടല്‍ നടത്തുകയാണ് ഇപ്പോള്‍ ഉസ്മാന്‍. ബാധ്യതകളൊക്കെ തീര്‍ത്തുവരികയാണ്. മുഹമ്മദിനെക്കുറിച്ച് മാത്രം ഒന്നുമറിയില്ല.

ഈ വാര്‍ത്തയെങ്കിലും മുഹമ്മദിനടുത്തെത്തുമെന്ന് വിശ്വസിച്ചാണ് ഞങ്ങള്‍ക്കരികിലേക്ക് ഉസ്മാനും കൂട്ടുകാരുമെത്തിയത്. ആ ദുരിതകാലത്തെ കൂട്ടിന് തിരിച്ചുകൊടുക്കാന്‍ ഒന്നും മതിയാവില്ലെങ്കിലും ആ തുക ഉസ്മാന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു.

റിയാദില്‍ 2008ല്‍ കൈരളി ഹോട്ടലില്‍ ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി മുഹമ്മദിനെ അറിയുന്നവരുണ്ടോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News