യോഗി പൊലീസിന്റെ വാദങ്ങള്‍ പൊളിയുന്നു; പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കുട്ടികളുടെ മരണത്തില്‍ ബിജെപി എംപിയ്ക്ക് പങ്കുണ്ടെന്നും ആരോപണം

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ വെടിവച്ചിട്ടില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു.

കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുന്നതിന്റെ ശബ്ദവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പ്രക്ഷോഭകരെ തോക്കുകൊണ്ട് നേരിടുന്നത്.

അതേസമയം, ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 15 പേരെ പൊലീസ് വധിച്ചു. പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുകയാണ്.

മീററ്റില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഫിറോസാബാദിലും ബിജ്നോറിലും രണ്ട് പേര്‍ വീതം മരിച്ചു. സംബാല്‍, കാണ്‍പുര്‍, വാരാണസി, ലഖ്നൗ എന്നിവിടങ്ങളില്‍ ഓരോ മരണമുണ്ടായി.

മുസഫര്‍നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പൊലീസ് വെടിവെച്ചുകൊന്നതില്‍ ബിജെപി എംപി സഞ്ജീവ് ബല്യാണിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകരുടെ കൂട്ടായ്മ പറഞ്ഞു. പ്രദേശത്ത് ന്യൂനപക്ഷവിഭാഗങ്ങളുടെ വീടുകളും വാഹനങ്ങളും പൊലീസുകാര്‍ നശിപ്പിച്ചു. നൂറുകണക്കിനുപേരെ പിടിച്ചുകൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel