യുപി വെടിവെപ്പിലെ കുട്ടികളുടെ മരണം; പിന്നില്‍ മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതിയായ ബിജെപി എംപി? പൊലീസിനൊപ്പം ആര്‍എസ്എസ് ഗുണ്ടകളും; മുസ്ലീം വീടുകള്‍ ഉന്നമിട്ട് ആക്രമണം

ലഖ്‌നൗ: മുസാഫര്‍ നഗറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.

പൊലീസിനൊപ്പം, ആര്‍എസ്എസ് പ്രവര്‍ത്തകരും ബിജെപി എംപിയും ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നതായാണ് പ്രദേശവാസികളുടെ ആരോപണം.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുണ്ടെന്നും സംഭവത്തില്‍ 2013ലെ മുസാഫര്‍ നഗര്‍ കലാപത്തില്‍ പ്രതിയായ ബിജെപി എംപിയുടെ  പങ്ക് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

തലയ്ക്കു വെടിയേറ്റാണ് കുട്ടികള്‍ കൊല്ലപ്പെട്ടതെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസാഫര്‍ നഗറിലെ ജി.ടി റോഡിലെ മുസ്ലീം വീടുകള്‍ മാത്രം ഉന്നമിട്ട് ആക്രമിക്കുന്നതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് മുസ്ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായും പറയുന്നു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. എന്നാല്‍ ഇരുന്നൂറോളം പ്രതിഷേധക്കാരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സൈദുസ്സാമാന്റെ നാലു കാറുകളും ആക്രമിസംഘം കത്തിച്ചു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് അദ്ദേഹത്തിന്റെ മകന്‍ സല്‍മാന്‍ ആരോപിച്ചു.

പൊലീസിന്റെ സഹായത്തോടെയാണ് മുസ്ലീങ്ങളായ പ്രതിഷേധക്കാര്‍ക്ക് നേരെ അവര്‍ വെടിയുതിര്‍ത്തെന്നും തുടര്‍ന്ന് കടകള്‍ കൊള്ളയടിച്ചെന്നും അദ്ദേഹം ആരോപിച്ചു.

യോഗി എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താതെന്ന് അഭിഭാഷക കരുണാ നന്ദി ചോദിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ കലാപക്കേസുകളിലെ മുഖ്യപ്രതി സംസ്ഥാനം ഭരിക്കുമ്പോഴും രാജ്യം ഭരിക്കുന്നയാള്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോഴും ഇതാണ് സംഭവിക്കുകയെന്ന് അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News