ധാരാവിയെ ജനസാഗരമാക്കി പ്രതിഷേധമിരമ്പി

പതിനായിരക്കണക്കിന് ജനങ്ങള്‍ പ്രതിഷേധ ധര്‍ണയുമായി ഒത്തു കൂടിയപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ജനസാഗരമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡിസംബര്‍ 15 ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് നടത്തിയ അതിക്രമത്തിനെതിരെയും പ്രതിഷേധിച്ചാണ് ധാരാവിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ധര്‍ണ നടന്നത്.

ധാരാവിയിലെ 90 അടി റോഡില്‍ നടന്ന പ്രതിഷേധ റാലിയില്‍ പൗരത്വ ഭേദഗതി നിയമ ബില്ലിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ കൈയ്യിലേന്തിയാണ് യുവ ജനങ്ങള്‍ അടങ്ങുന്ന സമരക്കാര്‍ അണി നിരന്നത്. റാലിയില്‍ ഉടനീളം ഡല്‍ഹി പോലീസിനെതിരെയും നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴങ്ങി കേട്ടു .

ഹിന്ദു മുസ്ലിം സൗഹൃദത്തെ തകര്‍ക്കാനാകില്ലെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും വിളിച്ചു പറഞ്ഞാണ് സമരത്തില്‍ പങ്കെടുത്തവര്‍ രോഷം പ്രകടിപ്പിച്ചത്. ലക്ഷക്കണക്കിന് ചേരി നിവാസികളുള്ള ധാരാവിയില്‍ ഇതാദ്യമായാണ് ജാതി മത ഭേദമന്യേ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ അണി നിരക്കുന്ന ഇത്രയും വലിയ പ്രതിഷേധ ജാഥക്ക് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് വിദ്യാര്‍ത്ഥികളും യുവ ജനങ്ങളും അടങ്ങുന്ന 25000 ഓളം പേരാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണി നിരന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News