പ്രതിഷേധം ഇരമ്പി ; ജയ്പുരില്‍ മൂന്നുലക്ഷംപേരുടെ റാലി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ യുപിയില്‍ മരിച്ചവരുടെ എണ്ണം 18 ആയതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചമുതല്‍ ഇതുവരെ മരിച്ചവരുടെ എണ്ണമാണിത്. മീററ്റില്‍ മരണസംഖ്യ അഞ്ചായി. വെടിവച്ചിട്ടില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴും കാണ്‍പുരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയില്‍ ഞായറാഴ്ചയും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ഇരമ്പി. ദേശീയപതാകയേന്തിയ പ്രതിഷേധക്കാര്‍ തെരുവുകളില്‍ മുദ്രാവാക്യം മുഴക്കി.

അതിസുരക്ഷാ മേഖലയില്‍ എവിടെയും സമരങ്ങളായിരുന്നു. പ്രതിഷേധ ഗാനങ്ങളും തെരുവുനാടകങ്ങളും അരങ്ങേറി. വിദ്യാര്‍ഥികളും അധ്യാപകരും ഓട്ടോ തൊഴിലാളികളും ഐക്യദാര്‍ഢ്യവുമായി എത്തി. സ്റ്റെതസ്‌കോപ്പ് അണിഞ്ഞ ഡോക്ടര്‍മാര്‍ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. ഉത്തര്‍പ്രദേശില്‍ കസ്റ്റഡിയിലെടുത്ത 5,400ഓളം പേരില്‍ 705 പേരെ റിമാന്‍ഡ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന് പരിശോധന നടത്താന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. 13000ത്തിലധികം സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. 21 ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം തിങ്കളാഴ്ചവരെ തുടരും. 14 ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു.

രാജസ്ഥാനിലെ ജയ്പൂരില്‍ വിവിധ പാര്‍ടികളുടെ സംയുക്ത നേതൃത്വത്തില്‍ മൂന്നുലക്ഷംപേര്‍ അണിനിരന്ന പടുകൂറ്റന്‍ നിശ്ശബ്ദ റാലി നടന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേതൃത്വം നല്‍കി. കോണ്‍ഗ്രസ്, സിപിഐ എം, സിപിഐ, ആംആദ്മി പാര്‍ടി, എസ്പി, ആര്‍എല്‍ഡി, ജെഡിഎസ് തുടങ്ങിയ പാര്‍ടികള്‍ പങ്കെടുത്തു. അലിഗഢ് സര്‍വകലാശാലയില്‍ ഞായറാഴ്ചയും അധ്യാപകരും അനധ്യാപകരും പ്രതിഷേധിച്ചു. മുംബൈയിലെ ധാരാവിയില്‍ പതിരായിരങ്ങള്‍ അണിനിരന്ന റാലി നടന്നു. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മണിപ്പുരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ രണ്ടുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel