രാജ്യമാകെ രോഷാഗ്‌നി; പത്തുനാള്‍ പിന്നിട്ട് പ്രക്ഷോഭം തുടരുന്നു ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധം പത്തുദിവസം പിന്നിടുമ്പോഴും തീവ്രമായി തുടരുകയാണ്. തുടക്കത്തില്‍ സമരത്തെ നിസ്സാരമായി കണ്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലവില്‍ പ്രതിരോധത്തിലാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമരത്തിന് ലഭിച്ചുവരുന്ന അഭൂതപൂര്‍വമായ പിന്തുണ തന്നെയാണ് കേന്ദ്രത്തെ വിറളി പിടിപ്പിക്കുന്നത്. സമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവയ്പിലും മറ്റുമായി 26 പേരാണ് രാജ്യത്താകെ ഇതുവരെ രക്തസാക്ഷിത്വം വരിച്ചത്. വിവിധ ഇടങ്ങളിലെ സമരക്കാഴ്ചകളിലൂടെ

ഡല്‍ഹി

ഡിസംബര്‍ 12 ന് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയ ഘട്ടംമുതല്‍ ഡല്‍ഹിയിലെ ക്യാമ്പസുകള്‍ ഇളകിമറിഞ്ഞു. ജാമിയ മിലിയയില്‍ ക്യാമ്പസില്‍ കയറി പൊലീസ് നടത്തിയ തേര്‍വാഴ്ച രാജ്യത്തെയാകെ ഞെട്ടിച്ചു. ഡല്‍ഹി യൂണിവേഴ്സിറ്റി, ജെഎന്‍യു തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വ്യാഴാഴ്ച ഇടതുപക്ഷ പാര്‍ടികളുടെ സംയുക്തപ്രക്ഷോഭത്തില്‍ സീതാറാം യെച്ചൂരിയും ഡി രാജയുമടക്കമുള്ള നേതാക്കള്‍ അറസ്റ്റ് വരിച്ചു. ജന്തര്‍ മന്ദറും സിപി സെന്‍ട്രല്‍ പാര്‍ക്കും ഇന്ത്യാഗേറ്റും ജാമിയ മിലിയയുമെല്ലാം ഇപ്പോഴും സമരകേന്ദ്രങ്ങളായി തുടരുന്നു.

ഉത്തര്‍പ്രദേശ്

യുപിയില്‍ പൊലീസ് വെടിവയ്പിലും മറ്റുമായി 18 പേര്‍ മരിച്ചു. അലിഗഢ് സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ മര്‍ദനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

ലഖ്നൗവും സഹരന്‍പുരും ബെഹ്റെയിച്ചും മീറത്തും കാണ്‍പുരുമെല്ലാം സമരഭൂമിയായി മാറി. 144 പ്രഖ്യാപിച്ചു. നെറ്റ് വിലക്കി.പ്രതിഷേധക്കാരും സുരക്ഷാഭടന്മാരുംതമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലാണ് അസമിലും ത്രിപുരയിലും മേഘാലയയിലും കണ്ടത്. സമരത്തെ അടിച്ചമര്‍ത്താനുള്ള പൊലീസ് ശ്രമത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, വടക്കുകിഴക്കന്‍ മേഖലയില്‍ സമരം ചൂടുപിടിക്കുന്നത് അപകടമാകുമെന്ന് തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ പരമാവധി സംയമനം പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അസമില്‍ ഡിസംബര്‍ 20 വരെ ഇന്റര്‍നെറ്റ് വിലക്ക് തുടര്‍ന്നു.

മഹാരാഷ്ട്ര

മുംബൈയിലടക്കം ഉജ്വലപ്രകടനങ്ങള്‍ അരങ്ങേറി. പുണെ, ഔറംഗാബാദ്, താനെ, നാഗ്പുര്‍, അമരാവതി, മാലെഗാവ്, കോലാപുര്‍, നാസിക്ക്, സോലാപുര്‍ എന്നിവിടങ്ങളിലും പ്രതിഷേധം. ബോളിവുഡ് താരങ്ങളടക്കം സമരത്തിനിറങ്ങി.

രാജസ്ഥാന്‍, തമിഴ്നാട്, ഒഡിഷ, തെലങ്കാന, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. ജയ്പപുരില്‍ ഞായറാഴ്ച മൂന്നുലക്ഷം പേര്‍ റാലിയില്‍ അണിനിരന്നു.

കര്‍ണാടകം

ബിജെപി ഭരണത്തിലുള്ള കര്‍ണാടകത്തിലും സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമം. മംഗളൂരുവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മലയാളി മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ചു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കി. പലയിടത്തും നിരോധനാജ്ഞ തുടരുന്നു.

ബംഗാള്‍

സംസ്ഥാനത്തുടനീളം വ്യാപകപ്രതിഷേധം. പലയിടത്തും റെയില്‍- റോഡ് ഉപരോധങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ടികളും കൊല്‍ക്കത്തയില്‍ വന്റാലികള്‍ വെവ്വേറെ സംഘടിപ്പിച്ചു. വിദ്യാര്‍ഥിസംഘടനകളും വന്റാലി നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News