വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കയറി മര്‍ദിച്ച പൊലീസ് നടപടി ബ്രിട്ടീഷ് കാലത്തുപോലും സംഭവിക്കാത്തത്: ഇര്‍ഫാന്‍ ഹബീബ്

അലിഗഢ് സര്‍വകലാശാലയില്‍ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കയറി മര്‍ദിച്ച പൊലീസ് നടപടി ബ്രിട്ടീഷ് കാലത്തുപോലും നടക്കാത്തതാണെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. അലിഗഢ് സര്‍വകലാശാലയില്‍ ഇതിനുമുമ്പൊരിക്കലും ഈവിധം ക്രൂരമായ പൊലീസ് നടപടിയുണ്ടായിട്ടില്ല.

1938 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പൊലീസ് സൂപ്രണ്ട് ബ്രിട്ടീഷുകാരനായിരുന്നു. എന്നാല്‍, അന്നുപോലും സര്‍വകലാശാലയ്ക്കുള്ളിലേക്ക് പൊലീസ് കയറിയില്ല.
1951ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്‍ കൊല്ലപ്പെട്ടപ്പോള്‍ വിദ്യാര്‍ഥികള്‍ മൂന്നു ദിവസത്തോളം സര്‍വകലാശാല അടപ്പിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമേയല്ല. എങ്കില്‍പ്പോലും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടായില്ല.

പൊലീസിനെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയ വിസിയുടെ നടപടി തെറ്റാണ്. പൊലീസ് പിടികൂടിയവരില്‍ നല്ലൊരു പങ്ക് വിദ്യാര്‍ഥികള്‍ അല്ലാത്തവരാണെന്ന ന്യായമാണ് പറയുന്നത്. വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ക്ക് യാതൊരു അവകാശവുമില്ലെ. അവരെ പൊലീസിന് എന്തുംചെയ്യാമെന്നാണോ. വിസിയുടെ നടപടി വിമര്‍ശിക്കപ്പെടേണ്ടതാണ്. പൊലീസിനെ വിളിച്ചുവരുത്തിയ ഉത്തരവാദിത്തത്തില്‍നിന്ന് അവര്‍ക്ക് മാറിനില്‍ക്കാനാകില്ല.

അലിഗഢില്‍ പ്രശ്നമുണ്ടായ ദിവസം താന്‍ ജെഎന്‍യുവിലായിരുന്നു. ഹോസ്റ്റലുകള്‍ അടച്ചുവെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ അലിഗഢിലെ കശ്മീര്‍ വിദ്യാര്‍ഥികളെ വിളിച്ച് താമസസൗകര്യവും മറ്റും ഒരുക്കാമെന്ന് അറിയിച്ചു. അതാണ് വിദ്യാര്‍ഥി ഐക്യം. അലിഗഢിനെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്.

1950കളില്‍ ഒരു സംഘം വലതുപക്ഷ എംപിമാര്‍ നെഹ്റുവിനെ കണ്ട് അലിഗഡിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളില്‍ എത്രപേര്‍ കോഴ്സിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയതായി അറിയുമോയെന്ന് ചോദിച്ചു. അവര്‍ എവിടേയ്ക്ക് പോയാലും മാനവികതയെയാണ് സേവിക്കുന്നതെന്നായിരുന്നു നെഹ്റുവിന്റെ മറുപടി- ഇര്‍ഫാന്‍ ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here