പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തരപ്രശ്നം; അനിശ്ചിതത്വം അയല്‍രാജ്യങ്ങളെയും ബാധിക്കും: ബംഗ്ലാദേശ്

പൗരത്വ ഭേദഗതി നിയമവും(സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററും(എന്‍ആര്‍സി) ഇന്ത്യയുടെ ആഭ്യന്തരപ്രശ്നങ്ങളാണെന്ന് ബംഗ്ലാദേശ്. എന്നാല്‍, അവിടെയുണ്ടാകുന്ന അനിശ്ചിതത്വം അയല്‍രാജ്യങ്ങളെയും ബാധിക്കുമെന്നും ബംഗ്ലാദേശ് വിദേശമന്ത്രി എ കെ അബ്ദുല്‍ മോമെന്‍ പറഞ്ഞു. ഇന്ത്യയില്‍ സിഎഎക്കെതിരെ ഉയരുന്ന പ്രതിഷേധം സംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ, എന്‍ആര്‍സി എന്നിവ ആഭ്യന്തരകാര്യങ്ങളാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളോട് വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്. നിയമപരവും മറ്റുമായ കാരണങ്ങളാലാണ് അവ നടപ്പാക്കുന്നത് എന്നാണ് പറഞ്ഞത്. ബംഗ്ലാദേശിനെ ബാധിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. അത് തങ്ങള്‍ വിശ്വസിക്കുന്നു. സ്ഥിതിഗതികള്‍ തണുക്കുമെന്നും തങ്ങളെ ബാധിക്കില്ല എന്നുമാണ് പ്രത്യാശിക്കുന്നത്.

അമേരിക്കയില്‍ സാമ്പത്തികത്തകര്‍ച്ചയുണ്ടായപ്പോള്‍ അത് പല രാജ്യങ്ങളെയും ബാധിച്ചു. കാരണം ഒരു ആഗോളലോകത്തിലാണ് നാം. മോമെനും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസമാന്‍ ഖാനും ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചില പ്രഖ്യാപനങ്ങളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് അമിത് ഷാ പ്രസ്താവിച്ചപ്പോള്‍ അത് സത്യമല്ല എന്ന് മോമെന്‍ പ്രതികരിച്ചിരുന്നു. പിറ്റേന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്. ഇത് മറ്റ് തിരക്കുകള്‍ കാരണമാണെന്ന് വിശദീകരിക്കപ്പെട്ടെങ്കിലും ഇന്ത്യയിലെ സ്ഥിതിഗതികള്‍ മൂലമാണെന്ന് ഡല്‍ഹിയില്‍ നയതന്ത്രവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശികള്‍ ആരെങ്കിലും ഇന്ത്യയില്‍ അനധികൃതമായി കഴിയുന്നുണ്ടെങ്കില്‍ അവരുടെ പട്ടിക തരാനും മോമെന്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel