യോജിച്ച സമരത്തെ തള്ളിപ്പറഞ്ഞു; മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കള്‍; മുന്നണിയില്‍ ഒറ്റപ്പെട്ട് മുല്ലപ്പള്ളി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച സമരത്തെ തള്ളിപ്പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഒറ്റപ്പെട്ടു. മുതിര്‍ന്ന നേതാക്കളടക്കം മുല്ലപ്പള്ളിയുടെ നിലപാട് തള്ളി. സുപ്രധാനമായ രാഷ്ട്രീയസാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്. എല്‍ഡിഎഫുമായി സംയുക്തസമരം നടത്തുന്നത് അടഞ്ഞ അധ്യായമാണെന്ന് പ്രഖ്യാപിച്ച മുല്ലപ്പളളിയുടെ മുന്നില്‍ ഇനി രണ്ടുവഴി മാത്രം. ഒന്നുകില്‍ സ്വന്തം നിലപാടിലേക്ക് മുന്നണിയെയാകെ കൊണ്ടുവരിക. അല്ലെങ്കില്‍ തന്റെ പ്രഖ്യാപനം തെറ്റായിപ്പോയെന്ന് സമ്മതിച്ച് തിരുത്തുക.

ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായ മുല്ലപ്പള്ളി രാജ്യത്തെ ബാധിക്കുന്ന വിഷയത്തില്‍ ഇടതുപക്ഷത്തോട് സഹകരിച്ചുള്ള സമരത്തിന് അയിത്തം കല്‍പ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം യുഡിഎഫ് ഘടക കക്ഷികളും ഉന്നയിക്കുന്നു. സമാനമനസ്‌കരുമായി ഒന്നിച്ച് പ്രക്ഷോഭത്തിനിറങ്ങുമെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കി. മറ്റ് ഘടക കക്ഷികളും ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സംയുക്തസമരത്തെ പിന്തുണയ്ക്കുന്നു.

കോണ്‍ഗ്രസ് ദേശീയനേതൃത്വം സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷകക്ഷികള്‍ നടത്തുന്ന സമരത്തിനൊപ്പമാണ്. സംഘപരിവാറിനെതിരായ ചെറുത്തുനില്‍പ്പില്‍ മറ്റാരെക്കാളും വിശ്വസിക്കാനും ആശ്രയിക്കാനുമാകുന്നത് ഇടതുപക്ഷത്തെയാണെന്നും സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സമ്മതിക്കുന്നു.

ഹൈക്കമാന്‍ഡിന്റെ നിലപാടിന് കടകവിരുദ്ധമായാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കമെന്നാണ് ഗ്രൂപ്പ്ഭേദമെന്യേ കോണ്‍ഗ്രസില്‍ വികാരം. മുല്ലപ്പള്ളിക്കെതിരെ കഴിഞ്ഞദിവസം ആഞ്ഞടിച്ച വി ഡി സതീശന്‍ എംഎല്‍എ തന്റെ നിലപാട് ഞായറാഴ്ച ആവര്‍ത്തിച്ചു. സംയുക്തസമരത്തെ നൂറുശതമാനം ന്യായീകരിക്കുന്നുവെന്ന് സതീശന്‍ പറഞ്ഞു. ഇതുവഴി കേരളത്തിന്റെ അഭിമാനം ഉയര്‍ന്നു. സമരം ചെയ്തശേഷം വിവാദമുണ്ടാക്കുന്നത് ശരിയല്ല. ദേശീയനേതൃത്വം നിര്‍ദേശിച്ചാല്‍ ഇടതുപക്ഷവുമായി യോജിച്ച സമരത്തിന് ഇനിയും തയ്യാറാണെന്നും സതീശന്‍ തുറന്നടിച്ചു.

തന്നോട് ആലോചിക്കാതെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരം ചെയ്തതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാതി. ടോക്കണ്‍ സമരമാണെന്നും ഇനി സമരത്തിനില്ലെന്നുമാണ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാനും ആദ്യം പ്രതികരിച്ചത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയടക്കം യോജിച്ച സമരത്തെ പിന്തുണച്ചതോടെ ഇവരടക്കം സംയുക്തസമരത്തിന് അനുകൂലമായ നിലപാടിലേക്ക് മടങ്ങേണ്ടിവന്നു. ഇതോടെ മുല്ലപ്പള്ളി പ്രതികരണത്തിനുപോലും തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here