ഝാര്‍ഖണ്ഡിലും കാവി മാഞ്ഞു: മഹാസഖ്യം അധികാരത്തിലേക്ക്; ബിജെപിക്ക് ഗോത്രമേഖലകളിലും കനത്തതിരിച്ചടി; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്

ദില്ലി: ഝാര്‍ഖണ്ഡ് ജനതയും ഭരണത്തില്‍ നിന്ന് ബിജെപിയെ പുറന്തള്ളി.

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. മഹാസഖ്യം 46 സീറ്റും ബിജെപി 24 സീറ്റും നേടി.

ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. നിലവില്‍ ബിജെപിയാണ് ഝാര്‍ഖണ്ഡ് ഭരിക്കുന്നത്.

രാവിലെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച- കോണ്‍ഗ്രസ് സഖ്യം 41 സീറ്റുകളില്‍ വരെ ലീഡ് ചെയ്തു. പിന്നീട് ബിജെപി 35 സീറ്റുകളില്‍ വരെ മുന്നേറി ഒപ്പമെത്തി. എന്നാല്‍ പിന്നീട് 27ലേക്ക് ഒതുങ്ങുകയായിരുന്നു.

ഇതോടെ രാജ്യത്ത് ബിജെപിക്ക് പങ്കാളിത്തമുള്ള സര്‍ക്കാരുകളുടെ എണ്ണം പതിനാറായി കുറഞ്ഞു. ബിജെപിയെ പുറത്താക്കി മഹാസഖ്യ സര്‍ക്കാര്‍ ഝാര്‍ഖണ്ഡില്‍ അധികാരത്തിലെത്തുന്നതോടെ രാജ്യത്തെ 58 ശതമാനം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബിജെപി ഇതര പാര്‍ട്ടികളുടെ കയ്യിലായി.

ഇപ്പോള്‍ ബിജെപിയോ ബിജെപി സഖ്യമോ ഭരിക്കുന്ന 16ല്‍ ഏഴും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും അടക്കമുള്ള ചെറിയ സംസ്ഥാനങ്ങളാണ്. വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ പലതിലും അവിടുത്തെ പ്രബല പ്രാദേശിക കക്ഷികളുടെ ഒപ്പം ജൂനിയര്‍ പങ്കാളി എന്നാ നിലയിലാണ് ബിജെപിയുടെ സ്ഥാനം.

നരേന്ദ്രമോഡി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയതോടെ ബിജെപി ഏറ്റവും ഉയരത്തിലെത്തി. ഇന്ത്യയിലെ 71 ശതമാനം ജനസംഖ്യയുടെ ഭരണം അന്ന് ബിജെപിക്കു കീഴിലായിരുന്നു. അവിടെ നിന്നാണ് ഈ നിലംപതിയ്ക്കല്‍.

കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചതോടെയാണ് ആ സ്വാധീനം ഇടിഞ്ഞു തുടങ്ങിയത്. മഹാരാഷ്ട്ര കൂടി പ്രതിപക്ഷത്തേക്ക് പോയതോടെ ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 16 ആയും കുറഞ്ഞു. ഇതില്‍ ആറെണ്ണം ചെറിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളാണ്.

ഉത്തര്‍പ്രദേശും ബിഹാറും കര്‍ണ്ണാടകയും ഗുജറാത്തുമാണ് ബിജെപി സഖ്യത്തിന് കീഴിലുള്ള വലിയ സംസ്ഥാനങ്ങള്‍. എന്നാല്‍ മഹാരാഷ്ട്രയ്‌ക്കൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങി കൂടുതല്‍ വലിയ സംസ്ഥാനങ്ങള്‍ ബിജെപി ഇതര പക്ഷത്തുണ്ട്.

ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം അടുത്ത വര്‍ഷം നടക്കുന്ന ദില്ലി, ബിഹാര്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമോ എന്ന ഭയം ബിജെപിയ്ക്കുണ്ട്. പ്രത്യേകിച്ച് ബീഹാര്‍ ഝാര്‍ഖണ്ഡിനോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമായതാണ് അവരെ കൂടുതല്‍ പേടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel