ചെന്നൈയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി; റാലിയില്‍ സിപിഐഎം, സിപിഐ, ഡിഎംകെ, കോണ്‍ഗ്രസ്, ലീഗ് നേതാക്കളും പ്രവര്‍ത്തകരും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയും ചെന്നൈയില്‍ മഹാറാലി.

ഡിഎംകെ, സിപിഐഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, വിസികെ തുടങ്ങിയ പാര്‍ട്ടികളും വിവിധ സംഘടനകളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യവും റാലിയുമായി സഹകരിക്കുന്നുണ്ടെങ്കിലും കമല്‍ഹാസന്‍ റാലിക്കെത്തിയില്ല. ചികിത്സയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പോയെന്നാണ് മക്കള്‍ നീതി മെയ്യം നേതൃത്വം ഡിഎംകെയെ അറിയിച്ചത്.

നഗരത്തില്‍ റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയില്‍ രാത്രി വരെ നീണ്ട വാദത്തിനൊടുവിലാണ് റാലി നടത്താനുള്ള അനുവാദം ഡിഎംകെ നേടിയെടുത്തത്.

ചെന്നൈ നഗരത്തിലെ എഗ്മോറില്‍ സംഘടിപ്പിച്ച റാലിക്ക് വന്‍ പൊലീസ് സന്നാഹമാണ് വിന്യസിക്കപ്പട്ടിരിക്കുന്നത്. ഡ്രോണ്‍ ക്യാമറകളും ജലപിരങ്കിയുമടക്കം എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം റാലി മുഴുവനായും പൊലീസ് വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. പ്രദേശത്തേക്കുള്ള വഴികളില്‍ മൊത്തം പൊലീസിന്റേയും റാലിക്കെത്തിയവരുടേയും വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍, തമിഴ്‌നാട് പിസിസി പ്രസിഡന്റ് കെഎസ് അളിഗിരി, മുന്‍കേന്ദ്രമന്ത്രി പി ചിദംബരം, എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ, വിസികെ നേതാവ് തോല്‍ തിരുമാളവന്‍, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്, എംഎംകെ അധ്യക്ഷന്‍ ജവൈറുള്ള എന്നിവരാണ് റാലി നയിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റാലിയാണിതെന്നാണ് ഡിഎംകെ നേതൃത്വം അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here