അടിതെറ്റി ബിജെപി; സിറ്റിംഗ് സീറ്റില്‍ ഇടതുപാര്‍ട്ടിയുടെ മുന്നേറ്റം

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്തതിരിച്ചടി നല്‍കി ബഗോദര്‍ മണ്ഡലവും.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബഗോദറില്‍ സിപിഐ(എംഎല്‍)(എല്‍) സ്ഥാനാര്‍ത്ഥി വിനോദ് കുമാര്‍ സിംഗാണ് മുന്നിട്ടുനില്‍ക്കുന്നത്. സിറ്റിംഗ് എംഎല്‍എ നാഗേന്ദ്ര മാഹ്‌തോയാണ് പരാജയത്തിലേക്ക് നീങ്ങുന്നത്. നിലവില്‍ 2650 വോട്ടിന്റെ ലീഡാണ് വിനോദ് കുമാറിനുള്ളത്.

2014ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഗേന്ദ്ര മാഹ്‌തോ 4399 വോട്ടിന് ജയിച്ച സീറ്റിലാണ് ഈ തിരിച്ചടി.

2009ലും 2014ലും ബഗോദര്‍ മണ്ഡലത്തില്‍ നിന്ന് വിനോദ് കുമാര്‍ ജനവിധി തേടിയിരുന്നു. താന ജില്ലക്കാരനാണ്. 33 വയസാണ് പ്രായം.

അതേസമയം, ഝാര്‍ഖണ്ഡും കൈവിട്ടതോടെ രാജ്യത്ത് ബിജെപിക്ക് പങ്കാളിത്തമുള്ള സര്‍ക്കാരുകളുടെ എണ്ണം പതിനാറായി കുറഞ്ഞു.

ബിജെപിയെ പുറത്താക്കി മഹാസഖ്യ സര്‍ക്കാര്‍ ഝാര്‍ഖണ്ഡില്‍ അധികാരത്തിലെത്തുന്നതോടെ രാജ്യത്തെ 58 ശതമാനം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബിജെപി ഇതര പാര്‍ട്ടികളുടെ കയ്യിലായി.

ഇപ്പോള്‍ ബിജെപിയോ ബിജെപി സഖ്യമോ ഭരിക്കുന്ന 16ല്‍ ഏഴും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും അടക്കമുള്ള ചെറിയ സംസ്ഥാനങ്ങളാണ്. വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ പലതിലും അവിടുത്തെ പ്രബല പ്രാദേശിക കക്ഷികളുടെ ഒപ്പം ജൂനിയര്‍ പങ്കാളി എന്നാ നിലയിലാണ് ബിജെപിയുടെ സ്ഥാനം.

നരേന്ദ്രമോഡി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയതോടെ ബിജെപി ഏറ്റവും ഉയരത്തിലെത്തി. ഇന്ത്യയിലെ 71 ശതമാനം ജനസംഖ്യയുടെ ഭരണം അന്ന് ബിജെപിക്കു കീഴിലായിരുന്നു. അവിടെ നിന്നാണ് ഈ നിലംപതിയ്ക്കല്‍.

കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചതോടെയാണ് ആ സ്വാധീനം ഇടിഞ്ഞു തുടങ്ങിയത്. മഹാരാഷ്ട്ര കൂടി പ്രതിപക്ഷത്തേക്ക് പോയതോടെ ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 16 ആയും കുറഞ്ഞു. ഇതില്‍ ആറെണ്ണം ചെറിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളാണ്.

ഉത്തര്‍പ്രദേശും ബിഹാറും കര്‍ണ്ണാടകയും ഗുജറാത്തുമാണ് ബിജെപി സഖ്യത്തിന് കീഴിലുള്ള വലിയ സംസ്ഥാനങ്ങള്‍. എന്നാല്‍ മഹാരാഷ്ട്രയ്‌ക്കൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങി കൂടുതല്‍ വലിയ സംസ്ഥാനങ്ങള്‍ ബിജെപി ഇതര പക്ഷത്തുണ്ട്.

ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം അടുത്ത വര്‍ഷം നടക്കുന്ന ദില്ലി, ബിഹാര്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമോ എന്ന ഭയം ബിജെപിയ്ക്കുണ്ട്. പ്രത്യേകിച്ച് ബീഹാര്‍ ഝാര്‍ഖണ്ഡിനോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമായതാണ് അവരെ കൂടുതല്‍ പേടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here