വ്യാജ വാര്‍ത്തകള്‍ക്കെതിരെ കീരിക്കാടന്‍ ജോസ്

തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടന്‍ കീരിക്കാടന്‍ ജോസ് എന്ന മോഹന്‍രാജും കുടുംബവും രംഗത്ത്.

മോഹന്‍ രാജ് അവശനിലയില്‍ ആശുപത്രിയിലാണെന്നും ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് കുടുംബം വ്യക്തമാക്കി.

കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് മോഹന്‍രാജിന്റെ സഹോദരന്‍ പ്രേംലാല്‍ പറഞ്ഞു.

തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. മോഹന്‍രാജ് ഇപ്പോഴും ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

എന്നാല്‍ അദ്ദേഹത്തെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവര്‍ സഹായിക്കണമെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

കിരീടം, ചെങ്കോല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മോഹന്‍രാജ് എന്ന കീരീക്കാടന്‍ ജോസ്.

കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here