മോദിയുടെ പ്രസംഗം നുണകളുടെ കൂമ്പാരം; ജനകീയപ്രക്ഷോഭം തുടരും: സിപിഐഎം പിബി

ദില്ലി: നുണകളുടെ കൂമ്പാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞദിവസം നടത്തിയ പ്രസംഗമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. പൗരത്വനിയമഭേദഗതി-എന്‍ആര്‍സി-എന്‍പിആര്‍ എന്നിവയ്ക്കെതിരെ രാജ്യമെമ്പാടും അലയടിച്ചുയരുന്ന ജനകീയപ്രക്ഷോഭത്തിന്റെ തീവ്രതയിലും പത്തിലേറെ മുഖ്യമന്ത്രിമാര്‍ നടത്തിയ പ്രഖ്യാപനങ്ങളിലും ഉലഞ്ഞാണ് പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ട് അസത്യങ്ങള്‍ പറയുന്നത്.

പ്രധാനമന്ത്രി പറഞ്ഞ ഒന്നാമത്തെ കള്ളം ”എന്റെ സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നശേഷം ഒരിടത്തും എന്‍ആര്‍സിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് രാജ്യത്തെ 130 കോടി ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…” എന്നതാണ്. എന്‍ആര്‍സി രാജ്യമെമ്പാടും നടപ്പാക്കുമെന്ന് 2019ല്‍ ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. പൗരത്വനിയമ ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഡിസംബര്‍ ഒന്‍പതിനു ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത് ” രാജ്യമെമ്പാടും എന്‍ആര്‍സി കൊണ്ടുവരും, ഒറ്റ നുഴഞ്ഞുകയറ്റക്കാരനെയും വെറുതെവിടില്ല” എന്നായിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ എന്‍പിആര്‍(ദേശീയ പൗരത്വ പട്ടിക) തയ്യാറാക്കല്‍ നടക്കുന്നതോടെ എന്‍ആര്‍സി പ്രക്രിയ തുടങ്ങും. എന്‍ആര്‍സിയുടെ ആദ്യഘട്ടമാണ് എന്‍പിആര്‍. ഇതിന്റെ ഗസറ്റ് വിജ്ഞാപനം 2019 ജൂലൈ 31നു ഇറങ്ങി.

രണ്ടാമത്തെ കള്ളം മോഡി പറഞ്ഞത് ” രാജ്യത്തൊരിടത്തും ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ തുറന്നിട്ടില്ല” എന്നതാണ്. അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തലിനു വിധിക്കപ്പെട്ട വിദേശികളെയും പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഡിസംബര്‍ 11നു രാജ്യസഭയില്‍ മറുപടി നല്‍കി. നവംബര്‍ 28നു കേന്ദ്രം കര്‍ണാടക ഹൈക്കോടതിയെ ഇപ്രകാരം അറിയിച്ചു: ‘അനധികൃതമായി തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ തുറക്കണമെന്ന് എല്ലാ സംസ്ഥാനസര്‍ക്കാരുകളോടും ഞങ്ങള്‍ 2014ല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പുരോഗതി ആരാഞ്ഞ് 2018ല്‍ വീണ്ടും കത്തയച്ചു’.

കുടിയേറ്റക്കാരെന്ന് സംശയിച്ച് അസമിലെ ക്യാമ്പില്‍ പാര്‍പ്പിച്ചിരുന്ന 28 പേര്‍ മരിച്ചതായി അമിത്ഷാ നവംബറില്‍ രാജ്യസഭയില്‍ മറുപടി നല്‍കി.അസമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ 988 ‘വിദേശികളെ’ പാര്‍പ്പിച്ചിട്ടുണ്ടെന്ന് അമിത് ഷാ സഭയില്‍ വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ 2014 ഏപ്രില്‍24-29നും സെപ്തംബര്‍ 9-10നും നിര്‍ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാതൃക ഡിറ്റഷന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനത്തിനുള്ള ചട്ടങ്ങള്‍ 2018ല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തു. കര്‍ണാടക പോലെ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ ഇത്തരം കേന്ദ്രങ്ങളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.

മോഡിയുടെ മൂന്നാമത്തെ കള്ളം: ”ഞാന്‍ ആരുടെയും മതം ചോദിച്ചിട്ടില്ല” എന്നതാണ്. അക്രമം നടത്തുന്നവര്‍ ആരാണെന്ന് വേഷത്തില്‍നിന്ന് തിരിച്ചറിയാമെന്ന് ജാര്‍ഖണ്ഡിലെ ധുംകയില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി പറഞ്ഞു.

ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്ത വയനാടിനെ ‘ ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലം’ എന്ന് മോഡി വിശേഷിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ-ജനാധിപത്യ ഉള്ളടക്കത്തിനെതിരെ അവര്‍ നടത്തുന്ന ആക്രമണം മറച്ചുപിടിക്കാന്‍ ഇത്തരം നുണകളിലൂടെ മോഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഒരിക്കല്‍പോലും മോഡി പരാമര്‍ശിച്ചില്ല. സമ്പദ്ഘടന തകര്‍ച്ചയിലാണ്, തൊഴിലില്ലായ്മ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലും. കര്‍ഷകരുടെ ആത്മഹത്യ പെരുകുന്നു. പണപ്പെരുപ്പം ജനജീവിതം കാര്‍ന്നുതിന്നുന്നു. ആകാശംമുട്ടിയ വിലകാരണം ജനങ്ങള്‍ ഉള്ളിവാങ്ങുന്നത് നിര്‍ത്തി. വര്‍ഗീയ ധ്രുവീകരണം ശക്തമാക്കലും വിദ്വേഷവും അക്രമവും വഴി ജനങ്ങളെ ഭിന്നിപ്പിക്കലുമാണ് മോഡിസര്‍ക്കാരിന്റെ ഏകഅജണ്ട. പൗരത്വനിയമഭേദഗതി-എന്‍ആര്‍സി-എന്‍പിആര്‍ പ്രക്രിയ നിര്‍ത്തിവയ്ക്കാന്‍ വിജ്ഞാപനം ഇറങ്ങുന്നതുവരെ ജനകീയപ്രക്ഷോഭം തുടരുമെന്ന് പിബി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News