ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി എറണാകുളത്തെ ക്രിസ്തീയ ദേവാലയങ്ങളും വീടുകളും

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ എറണാകുളത്തെ ക്രിസ്തീയ ദേവാലയങ്ങളും വീടുകളും ഒരുങ്ങി. തിരുപ്പിറവിയെ അനുസ്മരിച്ച് എറണാകുളത്തെ ദേവാലയങ്ങളിലും വീടുകളിലും ക്രൈസ്തവ വിശ്വാസികള്‍ പുല്‍ക്കൂടുകളും നക്ഷത്രങ്ങളും തയ്യാറാക്കി കഴിഞ്ഞു. ദേവാലയങ്ങളില്‍ തിരുപ്പിറവിയോടനുബന്ധിച്ച് ശുശ്രൂഷാ ചടങ്ങുകള്‍ക്ക് വിവിധ ഇടങ്ങളിലായി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ജോസഫ് കളത്തിപ്പറമ്പില്‍, ആന്റണി കരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ബത്ലഹെമിലെ കാലിത്തൊഴുത്തിലെ ദൈവപുത്രന്റെ ജനനത്തെ അനുസ്മരിച്ച് ആണ് ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. വീടുകളിലും ദേവാലയങ്ങളിലും പുല്‍ക്കൂട് ഒരുക്കി അവസാന വട്ട അലങ്കാര ജോലികളില്‍ ആണ് വിശ്വാസികള്‍. സ്‌നേഹത്തിന്റെ സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നതെന്ന് ക്രിസ്തുമസ് ദിന സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

തിരുപ്പിറവിയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ രാത്രി പതിനൊന്നെ മുക്കാലോടെ ക്രിസ്തീയ ദേവാലയങ്ങളില്‍ നടക്കും. എറണാകുളം സെന്റ് മേരീസ് കത്രീഡല്‍ പള്ളിയില്‍ നടക്കുന്ന തിരുകര്‍മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കും.

ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലും, അതിരൂപത മെത്രാപ്പോലീത്ത വികാരി ആന്റണി കരിയില്‍ അങ്കമാലി സെന്റ് ജോസഫ് ബസലിക്കയിലും നടക്കുന്ന തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ദേവാലയങ്ങളിലെ പാതിരാ കുര്‍ബാനയ്ക്ക് ശേഷം തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here