ജാര്‍ഖണ്ഡ് ഫലം:  പ്രതിഫലിച്ചത് ജനവികാരം

മോഡി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണഘടനാ വിരുദ്ധമായ നടപടികളോടുള്ള വിയോജിപ്പിന്റെ പ്രത്യക്ഷ പ്രകടനമായി ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മാറിയിരിക്കുന്നു. ബിജെപിയെ അധികാരത്തില്‍നിന്ന് തൂത്തെറിയാനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇത് ഏതെങ്കിലും ഒരു സംസ്ഥാനത്തെയോ ഒരു പ്രത്യേക വിഷയത്തെയോമാത്രം അടിസ്ഥാനമാക്കി രൂപപ്പെട്ട സ്ഥിതിവിശേഷമല്ല. സംഘപരിവാര്‍ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഹിന്ദുത്വ അജന്‍ഡകള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് കഴിഞ്ഞ ഒന്നിലേറെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി പുറത്തായി. ഈ ഒക്ടോബറില്‍ മഹാരാഷ്ട്രയിലും അടിതെറ്റിയ ബിജെപിക്ക് ജാര്‍ഖണ്ഡിലെ തോല്‍വിയോടെ പ്രമുഖ സംസ്ഥാനങ്ങളില്‍ ഒന്നുകൂടി നഷ്ടമായി. തുടര്‍ച്ചയായി അഞ്ച് വലിയ സംസ്ഥാനങ്ങളില്‍ ബിജെപിയെ കൈവിട്ടു.

രണ്ടാമതും ഭരണത്തിലേറിയ മോഡി സര്‍ക്കാര്‍ മറയില്ലാതെ തുടരുന്ന ഹിന്ദുത്വവല്‍ക്കരണത്തിന് കനത്ത തിരിച്ചടി നല്‍കുന്ന ജനവിധികളാണ് തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികത്തകര്‍ച്ചയുടെ ദുരിതങ്ങളില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്കുമേല്‍ ചേരിതിരിവിന്റെ പുത്തന്‍ പരീക്ഷണങ്ങളാണ് അരങ്ങേറുന്നത്. മുത്തലാഖും കശ്മീര്‍ ബില്ലുമൊക്കെ മുസ്ലിം വിരുദ്ധതയും ഹിന്ദുത്വ ധ്രുവീകരണവും ലക്ഷ്യമാക്കി ലോക്സഭയില്‍ പാസാക്കിയെടുക്കുകയായിരുന്നു.

വിവിധ പ്രാദേശിക കക്ഷികളെ വരുതിയിലാക്കി രാജ്യസഭയിലും സാങ്കേതിക ഭൂരിപക്ഷം കരസ്ഥമാക്കി. എന്നാല്‍, ഇതൊക്കെ ബിജെപിയുടെ വര്‍ഗീയമുഖം കൂടുതല്‍ പ്രകടമാക്കാനേ ഉപകരിച്ചുള്ളൂ. മതരാഷ്ട്രത്തിന്റെയും ഫാസിസത്തിന്റെയും ആപത്ത് ആസന്നമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടെന്ന് ജനവിധികള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതിയും ജനങ്ങളുടെ ജീവിതദുരിതങ്ങളുമാണ് 2014ല്‍ അധികാരം ബിജെപിയുടെ കൈകളിലെത്താന്‍ വഴിവച്ചത്. കേണ്‍ഗ്രസ് ദുര്‍ബലപ്പെട്ടതും സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പ്രാദേശിക കക്ഷികളുടെ അവസരവാദ നിലപാടുകളും ബിജെപി ഭരണത്തിന് വളമായി. ഇതാണ് വിവിധ സംസ്ഥാനങ്ങളിലെ ഭരണംകൂടി കൈയടക്കുന്നതിന് ബിജെപിയെ സഹായിച്ചത്. ആദ്യ മോഡി ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ജനസംഖ്യയുടെ 71 ശതമാനം ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിലായി. ഹിന്ദുത്വ അജന്‍ഡയുടെ തേര്‍വാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്.

ഗോവധ നിരോധനവും മറ്റും മറയാക്കി ന്യൂനപക്ഷഹത്യകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും നിത്യസംഭവങ്ങളായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കടന്നാക്രമണങ്ങളും ലൈംഗിക പീഡനങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്നും തുടര്‍ക്കഥയാണ്. പൊതുമേഖലാ വില്‍പ്പനയും കോര്‍പറേറ്റ് അനുകൂല നടപടികളുമാണ് കേന്ദ്ര ഭരണത്തിന്റെ മുഖമുദ്ര. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗിച്ചും പണം വാരിയൊഴുക്കിയും 2019ല്‍ വീണ്ടും അധികാരം പിടിക്കാന്‍ മോഡിക്ക് സാധിച്ചു. ഭരണഘടനയെ അട്ടിമറിക്കുന്ന നടപടികളാണ് രണ്ടാംവരവില്‍ മോഡിഭരണം സ്വീകരിച്ചത്.

സംസ്ഥാനങ്ങളില്‍ ഭരണം കൈയടക്കാനും ജനവിധികള്‍ അട്ടിമറിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ നിര്‍ലജ്ജം ഉപയോഗിച്ചു. ഇതിനെല്ലാം എതിരെയുള്ള ശക്തമായ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. ദീര്‍ഘകാലമായി ഭരണം തുടര്‍ന്ന രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെട്ടു. ജനങ്ങള്‍ തൂത്തെറിഞ്ഞിട്ടും മഹാരാഷ്ട്രാ ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ ഗവര്‍ണറെ ഉപയോഗിച്ച് നടത്തിയ നാണംകെട്ട കളികളും കുതിരക്കച്ചവടവും ജനാധിപത്യത്തിന് തീരാകളങ്കമായി. ഹരിയാനയില്‍ കഷ്ടിച്ച് ഭരണം നിലനിര്‍ത്തി. ഈ ജനവിധികളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ജാര്‍ഖണ്ഡില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ 58 ശതമാനം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളില്‍ ബിജെപി ഇതര ഭരണമാണുള്ളത്.

സംസ്ഥാന രൂപീകരണത്തിനുശേഷം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യസര്‍ക്കാരെന്ന ഖ്യാതിയുമായി തെരഞ്ഞെടുപ്പിന് പോയ രഘുബര്‍ദാസ് സര്‍ക്കാര്‍ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അഞ്ച് ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പിന്റെ അവസാനത്തെ മൂന്ന് വോട്ടെടുപ്പും പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനു ശേഷമായിരുന്നു.

മതവിവേചനത്തിനെതിരെ രാജ്യത്ത് കത്തിപ്പടര്‍ന്ന പ്രതിഷേധത്തിനൊപ്പം ജാര്‍ഖണ്ഡിലെ വോട്ടര്‍മാരും നിലയുറപ്പിച്ചുവെന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. ന്യൂനപക്ഷ – ഭൂരിപക്ഷ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യുന്ന ബിജെപിയുടെ ദളിത് പിന്നോക്ക വിരോധം ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ചതിന്റെ തെളിവാണ് ജാര്‍ഖണ്ഡിലെ ആദിവാസി-പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടി.

പതിവുപോലെ തീവ്രഹിന്ദുത്വം തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രചാരണക്കാര്‍ഡ്. പൗരത്വ ബില്‍ തിരക്കിട്ട് പാസാക്കിയതും ഇത് ലക്ഷ്യമാക്കിത്തന്നെ. എന്നാല്‍, കുതന്ത്രങ്ങളെയെല്ലാം ജനങ്ങള്‍ നിരാകരിച്ചിരിക്കുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചകോണ്‍ഗ്രസ് മഹാസഖ്യം കേവലഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ്. ഭരണഘടനാമൂല്യങ്ങളും രാജ്യത്തിന്റെ ബഹുസ്വരതയും നിലനിര്‍ത്താനുള്ള ദേശവ്യാപക പോരാട്ടത്തില്‍ അണിനിരക്കുന്ന ജനലക്ഷങ്ങള്‍ക്ക് ജാര്‍ഖണ്ഡ് ഫലം നല്‍കുന്ന ഊര്‍ജം വലുതാണ്. ഹിന്ദുത്വശക്തികളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള വലിയ മുന്നേറ്റത്തിന്റെ പ്രധാന ചുവടുവയ്പ് കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News