പൗരത്വ ഭേദഗതി നിയമം : വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം

ഇന്ത്യയിലെ വിഭാഗീയ പൗരത്വ ഭേദഗതി നിയമത്തിനും(സിഎഎ) നിർദിഷ്‌ട ദേശീയ പൗരത്വ രജിസ്‌റ്ററിനും(എൻആർസി) എതിരെ വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം പടരുന്നു. വാഷിങ്‌ടണിൽ ഒരു ഡസനിൽപ്പരം സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിക്ക്‌ മുന്നിൽ പ്രതിഷേധിച്ചവർ, ഇന്ത്യയുടെ ഐക്യം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു. സിഎഎയും എൻആർസിയും പിൻവലിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രമേയം ഇന്ത്യൻ എംബസിക്ക്‌ കൈമാറി.

ഒരിന്ത്യ, ഒരു ജനത, ഒരു ദേശം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. പൗരാവകാശങ്ങളും മതസ്വാതന്ത്ര്യവും എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്‌ തങ്ങൾ എത്തിയിരിക്കുന്നതെന്ന്‌ ഇന്ത്യൻ അമേരിക്കനായ മൈക്‌ ഗൗസ്‌ പറഞ്ഞു. ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയും ക്രമസമാധാനവും തകരുകയും തൊഴിലില്ലായ്‌മ രൂക്ഷമാവുകയും അഴിമതി വ്യാപിക്കുകയും ചെയ്‌തപ്പോൾ അവ പരിഹരിക്കാൻ ശ്രമിക്കാതെ സർക്കാർ വിചിത്രമായ നിയമങ്ങളുമായാണ്‌ വരുന്നതെന്ന്‌ കലീം കവാജ പറഞ്ഞു.

ഫിൻലൻഡിലും ഓസ്‌ട്രേലിയയിലും കഴിഞ്ഞ ദിവസം ഇന്ത്യക്കാർ സമാന പ്രകടനങ്ങൾ നടത്തി. ഹെൽസിങ്കി റെയിൽവേസ്‌റ്റേഷന്‌ മുന്നിൽ പ്രതിഷേധിച്ചവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഫിൻലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ഇന്ത്യൻ വിദ്യാർഥികളും പ്രൊഫഷണലുകളും എത്തിയിരുന്നു.

ഓസ്‌ട്രേലിയയിൽ മെൽബണിലെ ഫെഡറേഷൻ ചത്വരത്തിൽ നടന്ന പ്രതിഷേധത്തിൽ ആയിരത്തോളം ആളുകൾ പങ്കെടുത്തു. ആസാദി മുദ്രാവാക്യം അലയടിച്ച സംഗമം ദേശീയഗാനത്തോടെയാണ്‌ ആരംഭിച്ചത്‌. സാരെ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനത്തോടെ അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here