മുല്ലപ്പള്ളിക്കെതിരെ ലീഗും സമസ്തയും; യോജിച്ച സമരമില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച സമരമില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തില്‍ മുസ്ലിംലീഗിനും സമസ്തക്കും നീരസം. ഒന്നിച്ചുനില്‍ക്കേണ്ട വിഷയത്തില്‍ തുടര്‍ച്ചയായി വേറിട്ട അഭിപ്രായം പ്രകടിപ്പിക്കുന്നതിലും ഇരു വിഭാഗത്തിനും വിയോജിപ്പുണ്ട്.

യോജിച്ച സമരത്തിന് പ്രസക്തിയുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കയാണ് മുസ്ലിംലീഗ്. താന്‍ പറയുന്നതാണ് കെപിസിസി നിലപാടെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായം അപക്വമെന്നാണ് പ്രമുഖ ലീഗ് നേതാവ് പ്രതികരിച്ചത്. സിപിഐ എമ്മുമായി ചേര്‍ന്നുള്ള സമരത്തെ എതിര്‍ക്കുന്നതിനെ ലീഗ് നേതാക്കളും തള്ളിക്കളയുന്നു. മംഗളൂരു സന്ദര്‍ശനം മാറ്റാന്‍ കാരണം കെപിസിസി നേതൃത്വമാണെന്നുള്ള കെ സുധാകരന്‍ എംപി യുടെ പ്രതികരണവും ലീഗ് നേതാക്കള്‍ ഗൗരവമായി എടുത്തിട്ടുണ്ട്.

നാടിനെയും ജനതയെയും നേരിട്ട് ബാധിക്കുന്ന വിഷയം അര്‍ഹമായ തലത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന വിമര്‍ശം ലീഗില്‍ ഒരുവിഭാഗം മുല്ലപ്പള്ളിക്കെതിരായി ഉയര്‍ത്തുന്നു. മുസ്ലിം യൂത്ത്ലീഗില്‍ മുല്ലപ്പള്ളിക്കെതിരെ കടുത്ത അമര്‍ഷമുണ്ട്. ലീഗനുകൂല സമൂഹ മാധ്യമ കൂട്ടായ്മകളില്‍ യൂത്ത്ലീഗുകാര്‍ മുല്ലപ്പള്ളിയെ രൂക്ഷഭാഷയില്‍ കളിയാക്കുന്നു. മലപ്പുറത്തും കോഴിക്കോട്ടും ഡിവൈഎഫ്ഐ നടത്തുന്ന പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത്ലീഗുകാര്‍ വ്യാപകമായി അഭിവാദ്യമര്‍പ്പിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞതാണ് കോണ്‍ഗ്രസ് നിലപാടെന്ന് പറഞ്ഞ് അണികളെ ആശ്വസിപ്പിക്കുകയാണ് ലീഗ് നേതാക്കള്‍. നേരത്തെ ലീഗ് അനൂകൂല സുന്നിവിഭാഗം മുല്ലപ്പള്ളിയുടെ നിലപാടിനെ പരസ്യമായി തള്ളുകയുണ്ടായി. സിപിഐ എം വിരോധം തലക്ക് പിടിച്ച നേതാവെന്നാണ് സമസ്തയുടെ നിരീക്ഷണം. സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ പൗരത്വ ഭേദഗതി ബില്‍ ന്യൂനപക്ഷ വിഷയമാക്കി മുല്ലപ്പള്ളി ചുരുക്കിത്താഴ്ത്തിയെന്ന വിമര്‍ശമുയര്‍ത്തുകയുണ്ടായി.

സമസ്തയും യൂത്ത് ലീഗുമടക്കം വിവിധ വിഭാഗം പോഷകസംഘടനകള്‍ നടത്തുന്ന മുല്ലപ്പളളി വിരുദ്ധ വിമര്‍ശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യമുണ്ട്. അതിനാല്‍ മുല്ലപ്പള്ളിയുടെ അഭിപ്രായപ്രകടനം ആവര്‍ത്തിച്ചാല്‍ ലീഗ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച ചേരുന്ന ലീഗ് സംസ്ഥാന സമിതി യോഗത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സിപിഐ എമ്മുമായി യോജിച്ച് സമരത്തിനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ പറയുന്നതാണ് കെപിസിസിയുടെ നിലപാട്. വി ഡി സതീശനടക്കമുള്ളയാളുകള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.
ജനസംഘകാലം മുതല്‍ ആര്‍എസ്എസിനെതിരെ ഉറച്ചനിലപാടാണ് താന്‍ സ്വീകരിച്ചത്. തനിക്ക് ഹിഡന്‍ അജന്‍ഡകളില്ല.

കെ സുധാകരനോട് മംഗളൂരുവില്‍ പോകണമെന്ന് താനാണ് അഭിപ്രായപ്പെട്ടത്. കെപിസിസി എതിര്‍ത്തു എന്ന് പറയുന്ന സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. യോജിച്ച സമരം ആവശ്യമാണെന്ന മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ അഭിപ്രായത്തോടും പ്രതികരിക്കാന്‍ മുല്ലപ്പള്ളി തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here