നാളെ മുതല്‍ ജോലിക്കില്ലെന്ന് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ലോട്ടറിയടിച്ച മാധ്യമ പ്രവര്‍ത്തക; ‘കിലുക്ക’ത്തിലെ ഇന്നസെന്റിന്റെ ലോട്ടറി രംഗത്തിന്റെ സ്പാനിഷ് വീഡിയോ

സ്പാനിഷ് മാധ്യമ പ്രവര്‍ത്തകയായ നടാലിയ സ്യൂഡെറോ, കിലുക്കം എന്ന മലയാള സിനിമ കണ്ടിട്ടുണ്ടാകില്ല.

ലോട്ടറിയടിച്ചുവെന്നറിയുമ്പോള്‍ മുതലാളി കഥാപാത്രമായ തിലകനോട് താന്‍ ജോലി രാജിവെക്കുന്നുവെന്നു പറഞ്ഞ് ചീത്തവിളിച്ചു പോവുന്ന ഇന്നസെന്റിന്റെ അഭിനയ മികവിനെക്കുറിച്ച് അവര്‍ക്ക് കേട്ടറിവുപോലുമുണ്ടാകില്ല.

ആക്ഷേപഹാസ്യ പരിപാടികളില്‍ ഇന്നും ആവര്‍ത്തന വിരസതയില്ലാതെ കാണാന്‍ കഴിയുന്ന ഈ രംഗം നടാലിയ സ്യൂഡോറയുടെ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയിലും വിരുന്നെത്തി.

സ്പാനിഷ് ലോട്ടറി നറുക്കെടുപ്പിലെ വിജയി ആരെന്നു ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നടാലിയ സ്യൂഡെറോ. റയല്‍ മാഡ്രിഡില്‍ നടന്ന വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പിലെ ഫലം പ്രഖ്യാപിക്കുന്നതിനിടെയാണ് നടാലിയ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നത്. നടാലിയ സ്വന്തമാക്കിയത് പത്താം സമ്മാനം. ഈ പത്താം സമ്മാനം അത്ര നിസാരമല്ല, അയ്യായിരം യൂറോ അഥവാ 38 ലക്ഷം രൂപയാണ് നടാലിയയ്ക്കു ലഭിച്ചത്.

സമ്മാനം കിട്ടിയെന്നറിഞ്ഞതോടെ നടാലിയയുടെ റിപ്പോര്‍ട്ടിങ്ങ് രീതിയും മാറി. കിലുക്കം സിനിമയില്‍ ഇന്നസെന്റിനെ വെല്ലുന്ന ലൈവ് പ്രകടനമാണ് പിന്നീട് നടാലിയ പുറത്തെടുത്തത്. എനിക്ക് പത്താം സമ്മാനം ലഭിച്ചിരിക്കുന്നു, ഇതു തമാശയല്ല. ഇവിടെ വന്നപ്പോള്‍ ഒരു ലോട്ടറി വാങ്ങുകയായിരുന്നു.

ലോട്ടറിയടിച്ച ഞാന്‍ നാളെ മുതല്‍ ജോലിക്ക് പോകുന്നില്ലന്ന തകര്‍പ്പന്‍ പ്രഖ്യാപനവും ആവേശം അടക്കാനാവാതെ നടാലിയ ലൈവായി പറഞ്ഞു. നടാലിയയുടെ ആവേശം കണ്ട് അമ്പരന്ന് നില്‍ക്കുന്ന അവതാരകരേയും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News