‘ചാണകത്തില്‍ ചവിട്ടില്ല’; സംഘികള്‍ക്ക് ചലച്ചിത്രപ്രവര്‍ത്തകരുടെ മറുപടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഭീഷണി മുഴക്കിയ സംഘപരിവാറിന് മറുപടിയുമായി സംവിധായകന്‍ കമലും ആഷിഖ് അബുവും.

”അങ്ങനെ അങ്ങ് ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട. ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ല. ഞങ്ങള്‍ ഈ നാട്ടിലെ പൗരന്‍മാരാണ് സാറെ, സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ?”- കമല്‍ ചോദിക്കുന്നു.

സിനിമാക്കാരുടെ രാജ്യ സ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ എന്നും കമല്‍ ചോദിച്ചു. ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കുകയാണ്. കുറെ നാളായി തുടങ്ങിയിട്ട് പാക്കിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ മറ്റേതെങ്കിലും വേദിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും കമല്‍ പറഞ്ഞു.

‘ചാണകത്തില്‍ ചവിട്ടില്ലെ’ന്ന് സംവിധായകന്‍ ആഷിക് അബു പറഞ്ഞു. അവഗണിയ്‌ക്കേണ്ടതിനെ അവഗണിയ്ക്കാന്‍ പഠിയ്ക്കലാണ് അറിവ് എന്ന അര്‍ഥം വരുന്ന ഇംഗ്ലീഷ് പോസ്റ്ററും ആഷിക് പങ്കുവെച്ചു.

ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ തുടങ്ങിയവരാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവന്നത്. പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്നേഹം കാപട്യമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഭീഷണി കലര്‍ത്തിയായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രതികരണം. കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ടെന്നും നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

എന്‍ എസ് മാധവന്‍, കമല്‍, രാജീവ് രവി, ഛായാഗ്രാഹകന്‍ വേണു, ആഷിഖ് അബു, ഗീതു മോഹന്‍ദാസ്, റീമ കല്ലിങ്ങല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മണികണ്ഠന്‍, പി എഫ് മാത്യൂസ്, നിമിഷ സജയന്‍, ഷെയിന്‍ നിഗം തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിഷേധത്തിനെതിരെയാണ് ബിജെപി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here