പൊലീസ് മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ദില്ലിയില്‍ വിദ്യാര്‍ഥികളുടെ മാര്‍ച്ച്; രാഹുലിനെയും പ്രിയങ്കയെയും മീററ്റില്‍ തടഞ്ഞു; പൗരത്വ ഭേദഗതിയില്‍ ബിജെപിയിലും എതിര്‍പ്പ്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ മീററ്റിലെത്തിയ പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പൊലീസ് തടഞ്ഞു.

മീററ്റില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് ഇരുവരും സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞത്. മൂന്ന് പേരടങ്ങുന്ന സംഘമായി യാത്ര ചെയ്യാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ഇരുവരും ദില്ലിയിലേക്ക് മടങ്ങുകയായിരുന്നു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. മണ്ഡി ഹൗസില്‍ നിന്നും ജന്തര്‍മന്ദറിലേക്കാണ് മാര്‍ച്ച്.

ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് മാര്‍ച്ച് നടത്തിയാല്‍ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചിരുന്നു. പൊലീസിന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ചുകൊണ്ടാണ് മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്.

ജെഎന്‍യു, ദില്ലി സര്‍വകലാശാല, ജാമിയ മിലിയ തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തൊഴിലാളികളും എല്ലാം ചേര്‍ന്നാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ, പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. നിയമത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാര്‍ക്ക് മമത കത്തയച്ചു.

നിയമഭേദഗതിക്കെതിരെ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസും രംഗത്തെത്തി. മറ്റു മതങ്ങളെ പരാമര്‍ശിച്ചിട്ടും എന്തുകൊണ്ട് മുസ്ലീമുകളെ ഉള്‍പ്പെടുത്തിയില്ലെന്ന് ബോസ് ചോദിച്ചു. നിയമത്തില്‍ സുതാര്യത വേണമെന്നും ബോസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News