പൗരത്വ നിയമത്തിനെതിരെ ജര്‍മ്മനിയിലും പ്രതിഷേധം; ഇന്ത്യന്‍ എംബസിയിലേക്ക് മാര്‍ച്ച്

ബര്‍ലിന്‍: ഭരണഘടനാ വിരുദ്ധമായ ഇന്ത്യയിലെ പൗരത്വ നിയമത്തിനെതിരെ ജര്‍മ്മനിയിലും പ്രതിഷേധ റാലി. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുന്നൂറോളം പേരാണ് മുദ്രാവാക്യങ്ങള്‍ മുഴക്കി പ്ലക്കാര്‍ഡുകളുമായി മാര്‍ച്ചില്‍ പങ്കെടുത്തത്.

ജര്‍മ്മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അവിടെ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുമായിരുന്നു പ്രകടനക്കാരില്‍ ഏറെയും. പങ്കെടുത്തവര്‍ ഇന്ത്യന്‍ ദേശീയ പതാകയും ഏന്തിയിരുന്നു.

ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയ്ക്കു മുന്നിലെത്തി ധര്‍ണ നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനൊപ്പം സമരത്തില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. ഇന്ത്യയിലെ സ്ഥിതി അത്യന്തം ആശങ്കാ ജനകമാണെന്ന് റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

സര്‍വ്വകലാശാലാ ക്യാമ്പസുകളിലും ഹോസ്റ്റലിലും വരെ പൊലീസ് കയറി അക്രമം കാട്ടുകയാണ്. രാജ്യം ഏറെയും നിരോധനാജ്ഞയുടെ പിടിയിലാണ്.ഇന്ത്യയില്‍ സമരത്തില്‍ അണിനിരക്കുന്നവരോട് ഐക്യപ്പെടാനാണ് റാലി സംഘടിപ്പിച്ചതെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here