”എന്തേ രജിസ്റ്ററിൽ പേരില്ലെന്നോ ? വേണ്ട, മരിച്ച രാജ്യത്ത് കബറടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല”

കവിത:അൻവർ അലി
വര :ഷാഫി ഹസ്സൻ

തിരിച്ചറിയക്കാർഡ്
………………………….
അൻവർ അലി
…………………….

(മഹമ്മൂദ് ദാർവിഷിന്റെ ഐഡന്റിറ്റി കാർഡ് എന്ന കവിതയുടെ തുടരെഴുത്ത്)

എഴുതി വയ്ക്ക്
എന്റെ പേര് അലി
തൊഴിൽ വാക്കുകെട്ടൽ
ആധാർ ഇല്ല
മക്കൾ ധാരാളം
മിക്കവരും
സർവ്വകലാശാലകളിലോ
ജയിലിലോ ആണ്

എന്തേ, മനംപിരട്ടൽ തോന്നുന്നുണ്ടോ?

എഴുതി വയ്ക്ക്
എന്റെ പേര് അലി
രണ്ടേമുക്കാലേ മേത്തോ എന്ന്
കൂട്ടുകാർ വിളിക്കുമായിരുന്നു
പാടങ്ങളുടെയും
പൊലയരുടെയും കരയ്ക്ക്
നായമ്മാരുപേക്ഷിച്ച
കൊട്ടിയമ്പലത്തോടു ചേർന്ന
ചായ്പ്പിലാണ് വളർന്നത്
മുപ്പതു ജുസുവും
കമ്മൂ മാനിഫെസ്‌റ്റോയും ഓതിയിട്ടുണ്ട്
ശിവരാത്രിക്ക് കാവു തീണ്ടുമായിരുന്നു
അമാവാസിക്ക് കവിതയും.

എന്തേ, പേടിയാവുന്നുണ്ടോ?

എഴുതി വയ്ക്ക്
എന്റെ പേര് അലി
ഉമ്മയും വാപ്പയും നാടും വീടും
തിരുവിതാങ്കോട് –
അവിഭക്ത ഇന്ത്യയിൽ ഇല്ലായിരുന്നിടം
കാശ്മീരും ബംഗാളും പഞ്ചാബും പോലെ
വെട്ടിമുറിക്കാത്തിടം

എന്തേ
രജിസ്റ്ററിൽ പേരില്ലെന്നോ ?
വേണ്ട
മരിച്ച രാജ്യത്ത് കബറടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News