ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും സൂഫി സംഗീതവും ഇഴചേര്‍ന്ന ‘തെഹ്കീഖ്’ സംഗീതാവിഷ്‌കാരം

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും സൂഫി സംഗീതവും ഇഴചേര്‍ത്തിണക്കി ഗോവിന്ദ് വസന്ത ഒരുക്കിയതാണ് തെഹ്കീഖ് എന്ന സംഗീതാവിഷ്‌കാരം. ശ്രീരഞ്ജിനി കോടംപള്ളി തന്റെ തനതു ശൈലിയില്‍ പാടി ഈ പാട്ടിനെ മനോഹരമാക്കിയിരിക്കുന്നു. സൂഫി സംഗീതത്തോട് കര്‍ണാടിക് സംഗീതം ചേര്‍ത്തുവച്ച് ബഹുസ്വരതയും വൈവിധ്യങ്ങളും ഇഴചേര്‍ന്ന മഹത്തരമായ ഒരു സംഗീത സംസ്‌കാരത്തെ കുറിച്ച് സംവദിക്കുകയാണ് ഗോവിന്ദും ശ്രീരഞ്ജിനിയും തെഹ്കീഖിലൂടെ.

ഈ പാട്ടിനു വേണ്ടി അത്യന്തം വൈകാരികമായ ഒരു കഥാതന്തു എഴുതി ചേര്‍ത്തിരിക്കുന്നു ധന്യ സുരേഷ്. ഈ കെട്ടകാലത്തിന്റെ നേര്‍ചിത്രമാണ് ആ വരികളില്‍. ഭര്‍ത്താവ് നഷ്ടപ്പെടുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വിലാപമാണ് തെഹ്കീഖ്. അരികുവല്‍ക്കരണങ്ങളുടെയും, അന്ധമായ ഇസ്ലമോഫോബിയയുടെയും ഈ കാലഘട്ടത്തില്‍ ഇതല്ലാതെ മറ്റെന്ത് പറയാന്‍, ഇങ്ങിനെയല്ലാതെ പിന്നെങ്ങിനെ പറയാന്‍ എന്ന് ചോദിക്കുന്നു ഈ പാട്ടിന് ദൃശ്യങ്ങള്‍ ഒരുക്കി സംവിധാനം ചെയ്ത ശ്രുതി നമ്പൂതിരി.

ഫാമിലിമാന്‍ എന്ന വിഖ്യാതമായ വെബ് സീരീസിന് ശേഷം നീരജ് മാധവ് ഫാമിലിമാനിലെ മൂസയോളം തന്നെ ആഴത്തിലുള്ള മറ്റൊരു കഥാപാത്രമായി തെഹ്കീഖില്‍ എത്തുന്നു. ആദ്യ കാഴ്ചയില്‍ ഫാമിലിമാനിലെ മൂസയുടെ കഴിഞ്ഞകാലമായിരിക്കുമോ ഇതെന്ന് പലര്‍ക്കും തോന്നിയെന്നിരിക്കും. അത്രമേല്‍ കാലികപ്രസക്തമായ ഒരു വിഷയം തെഹ്കീഖ് കൈകാര്യം ചെയ്യുന്നുണ്ട്.

തെഹ്കീഖ് എന്നാല്‍ തിരച്ചില്‍ എന്നാണര്‍ത്ഥം. ഇവിടെ നഷ്ടപ്പെട്ട ഭര്‍ത്താവിനെ തിരഞ്ഞുപോവുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആന്‍ ശീതള്‍ ആണ്. ആനിന്റെ കാഴ്ചയിലൂടെയാണ് തെഹ്കീഖ് മുന്നോട്ട് പോവുന്നത്. ശ്രീരഞ്ജിനി കോടംപള്ളി ഓണ്‍ബ്ലോക്ക് നമുക്കു മുന്നില്‍ എത്തിക്കുന്ന തെഹ്കീഖിന് ഗോവിന്ദ് വസന്തയുടെ തൈക്കുടം ബ്രിഡ്ജില്‍ നിന്ന് വേറിട്ടുള്ള ആദ്യ സ്വതന്ത്ര സംഗീതാവിഷ്‌കാരം എന്ന പ്രത്യേകത കൂടിയുണ്ട്.

ശ്രീരഞ്ജിനി കോടംപള്ളി ആലപിച്ച തെഹ്കീഖിന്റെ രചന ധന്യ സുരേഷാണ്. വിനായക് ഗോപാല്‍ ക്യാമറയും അക്ഷജ് സത്യന്‍ മേനോന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന തെഹ്കീഖിന്റെ സംവിധാനം ശ്രുതി നമ്പൂതിരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News