ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ സ്വന്തം വാക്ക് വിഴുങ്ങി അമിത് ഷാ

പ്രതിഷേധങ്ങള്‍ കനത്തതോടെ ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ സ്വന്തം വാക്ക് വിഴുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ആര്‍സി പാര്‍ലമെന്റിലോ മന്ത്രി സഭയിലോ ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് അമിത് ഷായുടെ പുതിയ നിലപാട്. എന്നാല്‍ രാജ്യസഭയിലടക്കം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കും എന്നായിരുന്നു അമിത് ഷാ മുന്‍പ് പ്രസംഗിച്ചത്.

രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിക്ക് വാക്കിന് വ്യവസ്ഥ ഇല്ലാതാവുകയാണോ?എന്തും പറയാനും അത് എളുപ്പം വിഴുങ്ങാനും അമിത് ഷാ പരിശീലനം നേടി എന്ന് തെളിയിക്കുന്നതാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ രണ്ട് ഘട്ടങ്ങളിലായി അദ്ദേഹം പറഞ്ഞ വാക്കുകള്‍.

എന്‍ആര്‍സിയെക്കുറിച്ച് പാര്‍ലമെന്റിലോ മന്ത്രി സഭയിലോ ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തം വാക്കുകള്‍ തന്ത്രപൂര്‍വം വിഴുങ്ങി. പ്രതിഷേധങ്ങള്‍ കനത്തതോടെയാണ് നിലപാടില്‍ മലക്കം മറിയാന്‍ അമിത് ഷാ നിര്ബന്ധിതന്‍ ആയത് എന്നതിന് ഇതില്‍പരം എന്ത് തെളിവ് വേണം?

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പച്ച കള്ളം അല്ലാതെ മറ്റെന്ത് ആണ്? കഴിഞ്ഞില്ല ദേശീയ പൗരത്വ രജിസ്റ്റര്‍ പോലെ ഒരു വിഷയത്തില്‍ സ്വന്തം സര്‍ക്കാരില്‍ ചര്‍ച്ച ചെയ്യാത്ത കാര്യം ആണ് രാജ്യസഭയില്‍ പറഞ്ഞത് എന്ന് കൂടി അമിത് ഷാ ശരി വയ്ക്കുന്നു.

സര്‍ക്കാരില്‍ ചര്‍ച്ച ചെയ്യാത്ത കാര്യം പറയാന്‍ രാജ്യസഭയെ എന്തും വിളിച്ചു പറയാവുന്ന വേദി ആയാണോ അമിത് ഷാ കാണുന്നത്? പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങള്‍ ഈ സര്‍ക്കാരിനെ എങ്ങനെ വട്ടം കറക്കുന്നു എന്നറിയാന്‍ മോദിയുടെയും അമിത് ഷായുടെയും പ്രസ്താവനകളിലെ പരസ്പര വൈരുധ്യങ്ങള്‍ മാത്രം മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here