എന്‍ആര്‍സിക്കെതിരായ സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പ്രക്രിയ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്തണം: സിപിഐഎം പിബി

ദില്ലി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരായി (എന്‍ആര്‍സി) രംഗത്തുവന്നിട്ടുള്ള മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പ്രക്രിയ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു. 12 മുഖ്യമന്ത്രിമാരെങ്കിലും ഇതിനോടകം എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്‍പിആറുമായി മുന്നോട്ടുപോകില്ലെന്ന് കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാരും വ്യക്തമാക്കിയിട്ടുണ്ട്. എന്‍ആര്‍സിയെ എതിര്‍ക്കുന്ന മറ്റ് മുഖ്യമന്ത്രിമാരും എന്‍പിആര്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്തണം. എന്‍പിആര്‍ പ്രക്രിയയ്ക്കായി കേന്ദ്ര മന്ത്രിസഭ ഇപ്പോള്‍ 8500 കോടി രൂപ അനുവദിച്ചിരിക്കയാണ്.

എന്‍പിആര്‍ പ്രക്രിയയുടെ ഭാഗമായി ആളുകള്‍ തങ്ങളുടെ മാതാപിതാക്കളുടെ ജനന തീയതിയും ജന്മസ്ഥലവും പറയേണ്ടതായുണ്ട്. ഇതോടൊപ്പം മറ്റ് 21 വിവരങ്ങള്‍ കൂടി നല്‍കേണ്ടതുണ്ട്. 2010 ലെ എന്‍പിആര്‍ പ്രക്രിയയില്‍ ഇല്ലാതിരുന്ന പല വിവരങ്ങളും പുതിയ പ്രക്രിയയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്.

2003ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പൗരത്വ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയും തുടര്‍ന്ന് പുറപ്പെടുവിച്ച ചട്ടങ്ങളിലൂടെയും ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത് ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ ആധാരമാക്കിയാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് ജനസംഖ്യാ രജിസ്റ്ററെന്ന് ഇതില്‍ വ്യക്തം.

2014 ജൂലൈ 23 ന് മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്‍പിആര്‍ പ്രക്രിയയിലൂടെ വിവരശേഖരണം നടത്തി രാജ്യത്തെ എല്ലാ വ്യക്തികളുടെയും പൗരത്വ പദവി പരിശോധിച്ച് ഇന്ത്യന്‍ പൗരന്‍മാരുടെ ഒരു ദേശീയ രജിസ്റ്ററിന് (എന്‍ആര്‍സി) രൂപം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതായാണ് മന്ത്രി അന്ന് മറുപടി നല്‍കിയത്.

പ്രധാനമന്ത്രി മോഡി എന്തെല്ലാം നുണകള്‍ പറഞ്ഞാലും എന്‍ആര്‍സിക്ക് അടിത്തറയൊരുക്കാനാണ് എന്‍പിആര്‍ എന്നത് വ്യക്തമാണ്- പിബി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News