പൗരത്വനിയമ പ്രതിഷേധം: മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് പ്രതിനിധി സംഘം; ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി സിപിഐഎം

പൗരത്വ നിയമ ഭേദഗതി ബില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് മംഗളുരുവില്‍ രണ്ട് യുവാക്കളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ(എം) പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും സന്ദര്‍ശിച്ച ശേഷം സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഈ ആവശ്യം ഉന്നയിച്ചത്. വെടിവെയ്പ് നടത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്നുള്ള സി പി ഐ (എം) നേതാക്കള്‍, എംപി മാര്‍, എംഎല്‍എമാര്‍ എന്നിവരുടെ സംഘമാണ് മംഗളുരു സന്ദര്‍ശിച്ചത്. വെടിയേറ്റും പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റും മംഗളുരുവിലെ വിവിധ ആശുപത്രികളില്‍ നിരവധി ആളുകള്‍ ചികിത്സയിലുണ്ട്. ഇവരില്‍ മുന്‍ മംഗളുരു മേയര്‍ അഷ്‌റഫ് , ഒരു ഗവേഷണ വിദ്യാര്‍ഥി എന്നിവര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് സാരമായ പരിക്കുകളുണ്ട്. ഇതില്‍ 3 പേരുടെ നില അതീവ ഗുരുതരമാണ്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ ജനപ്രതിനിധികളും നേതാക്കളും സന്ദര്‍ശിച്ച് സാന്ത്വനം പകര്‍ന്നു. വെടിയേറ്റ് മരിച്ച ജലീലും നൗഷീനും തൊഴിലാളികളാണ്. പണിസ്ഥലത്തു നിന്നും വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് വെടിയേറ്റത്. ഇവരുടെ വീടുകളിലെത്തി നേതാക്കള്‍ ബന്ധുക്കളെ സമാശ്വസിപ്പിച്ചു.

മംഗളുരുവില്‍ ആളുകളെ വെടിവെച്ചു കൊല്ലേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ മുന്‍ എം പി പി കരുണാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് സിറ്റിങ്ങ് ജഡ്ജി അന്വേഷിക്കണമെന്നും പി കരുണാകരന്‍ ആവശ്യപ്പെട്ടു.

കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകണം. പ്രതിഷേധക്കാര്‍ അക്രമം നടത്തിയതിനാലാണ് വെടിവെച്ചതെന്ന പൊലീസുകാരുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സി പി ഐ (എം) നേതാക്കള്‍ ചൂണ്ടിക്കാട്ടി. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം ലഭ്യമാക്കണം.

പ്രതിഷേധ പ്രകടനത്തില്‍ കേരളത്തില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുത്ത് അക്രമം നടത്തിയതായുള്ള ആരോപണത്തില്‍ വസ്തുതയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. എം പി മാരായ സോമപ്രസാദ്, കെ കെ രാഗേഷ് എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍. എം രാജഗോപാലന്‍, സി പി ഐ (എം) കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ എംഎല്‍എ , സിഎച്ച് കുഞ്ഞമ്പു, കെ ആര്‍ ജയാനന്ദ തുടങ്ങിയ നേതാക്കളാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News