ആരോഗ്യസര്‍വ്വകലാശാല കലോത്സവം: അമല്‍ ജി.നായര്‍ കലാപ്രതിഭ, ദ്രൗപദി സുനില്‍ കലാതിലകം, കിരീടം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്

പാരിപ്പളളിയിലെ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ആരോഗ്യ സര്‍വ്വകലാശാല ദക്ഷിണമേഖലാ കലോത്സവത്തിലെ ആവേശപോരാട്ടത്തില്‍ ആതിഥേയരായ കൊല്ലം മെഡിക്കല്‍ കോളേജിനേക്കാള്‍ 44 പോയിന്റുകള്‍ അധികം നേടി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കിരീടം നിലനിര്‍ത്തി. 243 പോയിന്റുകളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നേടിയത്. കൊല്ലം മെഡിക്കല്‍ കോളേജ് 199 പോയിന്റും ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന് 129 പോയിന്റും ലഭിച്ചു.

ആദ്യ മൂന്ന് ദിനങ്ങളില്‍ കൊല്ലം മെഡിക്കല്‍ കോളേജ് ആധിപത്യം പുലര്‍ത്തിയെങ്കിലും സാഹിത്യരചന, ഫൈന്‍ ആര്‍ട്സ് മത്സരങ്ങളിലെ വിജയം തിരുവനന്തപുരത്തെ മുന്നിലെത്തിക്കുകയായിരുന്നു. വ്യക്തിഗത ഇനങ്ങളില്‍ നേടിയ വിജയവും വിവിധ കലാമേളകളിലെ പരിചയസമ്പത്തും തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അനുകൂലമായി.

വ്യക്തിഗത ഇനങ്ങളില്‍ 18 പോയിന്റുകള്‍ നേടി ശ്രീ ഗോകുലം നഴ്സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി അമല്‍ ജി. നായര്‍ കലാപ്രതിഭയായി. 16 പോയിന്റുകളുമായി ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ ദ്രൗപദി സുനിലാണ് കലാതിലകം.
പ്രേക്ഷകശ്രദ്ധ നേടിയ ‘ശവംതീനികള്‍’ എന്ന നാടകത്തിലെ അഭിനയത്തിന് കൊല്ലം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ എ. ആദര്‍ശ് മികച്ച നടനായും നന്ദ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും കേരള ആരോഗ്യ സര്‍വ്വകലാശാല പ്രൊ. വി.സി. ഡോ. എ. നളിനാക്ഷന്‍ നിര്‍വ്വഹിച്ചു. യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സിദ്ധിക്ക് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷഹന്‍ഷാ പരീദ്, കലോത്സവം സ്വാഗത സംഘം ചെയര്‍മാന്‍ കെ. സേതുമാധവന്‍, കൊല്ലം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. ഷിറില്‍ അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. സുന്ദരേശന്‍, കലോത്സവം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം. ഹരികൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ആദര്‍ശ് എം. സജി തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News