ജനസംഖ്യാ രജിസ്റ്റര്‍ നടപടികളിലുറച്ച് കേന്ദ്രം ; എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍

ജനസംഖ്യാ രജിസ്റ്ററില്‍ ഉറച്ച് രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന ദേശീയപൗരത്വ രജിസ്റ്ററി(എന്‍ആര്‍സി)ലേക്ക് വഴിതുറക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെയാണ് എന്‍പിആര്‍ പ്രക്രിയക്ക് അനുമതുനല്‍കിയത്.

സെന്‍സസ് നടത്തുന്നതിന് 8,754. 23 കോടിയും എന്‍പിആര്‍ പുതുക്കുന്നതിന് 3,941. 35 കോടിയും അനുവദിക്കണമെന്ന ശുപാര്‍ശ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. 2020 ഏപ്രില്‍മുതല്‍ സെപ്തംബര്‍വരെ എന്‍പിആര്‍ പുതുക്കാനുള്ള വിവരങ്ങള്‍ ശേഖരിക്കണം. രാജ്യവ്യാപകമായി സെന്‍സസ് നടപ്പാക്കണം. അസം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍പിആര്‍ പുതുക്കണം. കേരളവും പശ്ചിമബംഗാളും എന്‍പിആര്‍ പുതുക്കലുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്‍പിആറും എന്‍ആര്‍സിയും ബന്ധമില്ലെന്ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ്ജാവ്ദേക്കര്‍ അവകാശപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ യഥാര്‍ഥ ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ എന്‍പിആര്‍ പുതുക്കല്‍ അത്യാവശ്യമാണ്.എന്‍പിആര്‍ പുതുക്കാന്‍ രേഖകളുടെയോ ബയോമെട്രിക്ക് വിവരങ്ങളുടെയോ ആവശ്യമില്ല. പൗരന്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അതുപോലെ സ്വീകരിക്കും. 2010ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്‍പിആര്‍ തയ്യാറാക്കിയിരുന്നു. ആ നടപടിക്രമം പിന്തുടരും-മന്ത്രി പറഞ്ഞു.

സെന്‍സസിന് 30 ലക്ഷം പേര്‍

2021ലെ സെന്‍സസ് നടപടിക്കായി 30 ലക്ഷം പേര്‍ രംഗത്തിറങ്ങും. 2011ല്‍ ഇത് 28 ലക്ഷമായിരുന്നു. 2021 സെന്‍സസ് രണ്ട് ഘട്ടമായി നടക്കും. 2020 ഏപ്രില്‍മുതല്‍ സെപ്തംബര്‍ വരെയുള്ള ഹൗസ്ലിസ്റ്റിങ്ങും ഹൗസിങ് സെന്‍സസും നടക്കും. ഫെബ്രുവരി ഒമ്പതുമുതല്‍ 28 വരെ ജനസംഖ്യാകണക്കെടുപ്പും. മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവരശേഖരണം. പൗരന്‍മാര്‍ക്ക് ഓണ്‍ലൈന്‍വഴി സ്വയം വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനവുമുണ്ടാകും.

29ന് കേരളത്തില്‍ സര്‍വകക്ഷി യോഗം

പൗരത്വ ഭേദഗതി നിയമം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാനേതാക്കളുടെയും യോഗം വിളിച്ചു. ഞായറാഴ്ച പകല്‍ 11ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യാവകാശത്തിനും മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണെന്ന് ഇത് സംബന്ധിച്ച് രാഷ്ട്രീയ-സംഘടനാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് യോജിച്ച സത്യഗ്രഹം സംഘടിപ്പിച്ചത്.

എന്‍പിആര്‍ ഇങ്ങനെ

രാജ്യത്തെ പതിവ് താമസക്കാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പട്ടികയാണ് എന്‍പിആര്‍. ആറ് മാസമോ അതിലധികമോ ഒരു പ്രദേശത്ത് താമസിക്കുന്നവരോ അടുത്ത ആറ് മാസമോ അതിലധികമോ അവിടെത്തന്നെ താമസിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരോ ആണ് ‘പതിവ് താമസക്കാര്‍’. എന്‍പിആര്‍ പുതുക്കലിന്റെ ഭാഗമായി ജനങ്ങള്‍ ജനനതീയതി, മാതാപിതാക്കളുടെ ജന്മസ്ഥലം, അവസാനം താമസിച്ച സ്ഥലം, നിലവിലെ മേല്‍വിലാസം, തൊഴില്‍, വിദ്യാഭ്യാസയോഗ്യത തുടങ്ങി നിരവധി വിശദാംശങ്ങള്‍ കൈമാറണം. പൗരത്വനിയമത്തില്‍ വാജ്പേയി സര്‍ക്കാര്‍ 2003ല്‍ കൊണ്ടുവന്ന ഭേദഗതി ചട്ടങ്ങളില്‍ എന്‍ആര്‍സിക്ക് ആധാരം എന്‍പിആറാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News