സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി

ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് എം എ ബേബി ‘ദേശാഭിമാനി’യിൽ എ‍ഴുതിയ ലേഖനം:
നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ അനന്തരവനായ ചന്ദ്രകുമാർ ബോസ്‌ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്‌ ദുഃഖത്തോടെയാണ്‌ ഇന്ത്യ ശ്രവിച്ചത്‌. അദ്ദേഹം ബിജെപിയുടെ പ്രദർശനവ്യക്തിത്വമായി. പശ്ചിമബംഗാളിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റായി നിയോഗിക്കപ്പെടുകയും ചെയ്‌തു. മൂന്ന്‌ അയൽരാജ്യത്തുനിന്ന്‌ ഇന്ത്യൻ പൗരത്വത്തിന്‌ അപേക്ഷിക്കാൻ മുസ്ലിം മതവിശ്വാസികൾക്ക്‌ അർഹതയില്ലെന്ന ബിജെപി നയവും അത്‌ ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭയെയും ദുരുപയോഗിച്ച്‌ നിയമമാക്കി മാറ്റിയ നരേന്ദ്ര മോഡി–-അമിത്‌ ഷാ നീക്കവും രാജ്യവ്യാപകമായ പ്രതിഷേധം ആളിക്കത്തിക്കുന്നതിനിടയിൽ ചന്ദ്രകുമാർ ബോസ്‌ ഒരു രാഷ്ട്രീയ ബോംബ്‌ സ്‌ഫോടനം നടത്തിയിരിക്കുകയാണ്‌.

പൗരത്വ ഭേദഗതി നിയമം തെറ്റാണ്‌, മതാടിസ്ഥാനത്തിൽ പൗരത്വാവകാശം നിഷേധിക്കുന്നത്‌ ഇന്ത്യൻ ഭരണഘടനയ്‌ക്കോ സാമാന്യ നിയമതത്വങ്ങൾക്കോ നിരക്കുന്നതല്ല എന്നീ കാര്യങ്ങളാണ്‌ അദ്ദേഹം പറഞ്ഞത്‌. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ്‌ ബിജെപിക്കൊപ്പം എൻഡിഎയിൽ നിൽക്കുന്ന നിതീഷ്‌ കുമാറിന്റെ ജനതാദൾ യുണൈറ്റഡും രാംവിലാസ്‌ പസ്വാന്റെ ലോക ജനശക്തി പാർടിയും പാർലമെന്റ്‌ വോട്ടിങ്ങിൽ സഹായിച്ച നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളും മറ്റും ഇപ്പോൾ കുറേശെ നിലപാട്‌ മാറ്റി വിമർശനസ്വരം സ്വീകരിക്കാൻ തുടങ്ങിയത്‌.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (ഐഐടി) ചെന്നൈ അതിപ്രശസ്‌തമായ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ്‌. ഇന്ത്യയിൽ ലോകനിലവാരമുള്ള പഠനകേന്ദ്രങ്ങളായി അവ പരിഗണിക്കപ്പെടുന്നതിന്റെ ഭാഗമായാണ്‌ ലോകരാജ്യങ്ങളിലെ സമാനസ്ഥാപനങ്ങളിൽനിന്ന്‌ സഹകരണപദ്ധതിപ്രകാരം അധ്യാപകരും വിദ്യാർഥികളും പരസ്‌പരസന്ദർശന–- പഠനപദ്ധതികൾ നടപ്പാക്കുന്നത്‌. ജർമനിയിൽനിന്ന്‌ ചെന്നൈ ഐഐടിയിൽ എത്തിയ ജേക്കബ്‌ ലിൻഡൻഥാൽ എന്ന വിദ്യാർഥിയോട്‌ ഉടൻ ഇന്ത്യ വിട്ടുപോകാൻ ഇന്ത്യൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നു. ഇത്‌ അച്ചടിച്ചുവരുമ്പോൾ അയാൾ ഇന്ത്യക്ക്‌ പുറത്തായിട്ടുണ്ടാകും.

2020 മേയ്‌ വരെ അഞ്ച്‌ മാസക്കാലംകൂടി ഇന്ത്യയിൽ പഠനപരിപാടിക്കുള്ള അവകാശം ഉണ്ടായിരിക്കെയാണ്‌ സേച്ഛാധികാരപരമായ ഇടപെടൽ മോഡി–-അമിത്‌ ഷാ–-ജയശങ്കർ പ്രഭൃതികളിൽനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. എന്താണ്‌ ഇതിനുപിന്നിൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധപ്രകടനത്തിൽ ഐഐടിലെ ഇതരവിദ്യാർഥികൾക്കൊപ്പം ലിൻഡൻഥാലും പങ്കെടുത്തു! ഭരണാധികാരികളെ ഒരുപക്ഷേ ആ ജർമൻ വിദ്യാർഥിയുടെ കൈയിലെ സന്ദേശമുറത്തിലെവാചകം കൂടുതൽ അസ്വസ്ഥതപ്പെടുത്തിയിരിക്കാം.

1933–-1945 ഞങ്ങളും അവിടെയായിരുന്നു
1993‐1945 we Have Been There

ജർമനിയിലെ ഹിറ്റ്‌ലറുടെ വംശീയ കടന്നാക്രമണങ്ങളും വിവേചനനിയമങ്ങളും കൂട്ടക്കുരുതിയും നടമാടിയതിനെ ഓർമിക്കുന്ന സന്ദേശമുറം. ഹിറ്റ്‌ലർ ആധിപത്യത്തിന്റെ ഒരു വ്യാഴവട്ടക്കാലം. അതിന്റെ ഉയർച്ചയും തകർച്ചയും ഓർമിപ്പിച്ചത്‌ മോഡിക്കും അമിത്‌ ഷായ്‌ക്കും ക്ഷമിക്കാനാകാത്തതുതന്നെ.

ഇന്നത്തെ ഇന്ത്യൻ സാഹചര്യം പകർന്നുതരുന്ന പാഠങ്ങൾ എന്തൊക്കെയാണ്‌. ആർഎസ്‌എസ്‌ ആജ്ഞപ്രകാരം ബിജെപി ഏറ്റെടുത്ത കർമപരിപാടികൾ ഓരോന്നായി നടപ്പാക്കാനുള്ള നരേന്ദ്ര മോഡി–-അമിത്‌ ഷാ നീക്കം അത്ര സുഗമമാകില്ല. ആരെതിർത്താലും പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കുമെന്ന്‌ മോഡിയും അമിത്‌ ഷായും ആവർത്തിച്ചു പ്രഖ്യാപിച്ചതാണ്‌. അവയ്‌ക്കെതിരെ ബഹുജനപ്രക്ഷോഭം വളർന്നുവരികയും അതിനെ അടിച്ചമർത്തുന്ന ഭീകരത ബിജെപി കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന്‌ നിഷ്‌കരുണം വ്യാപിക്കുകയും ചെയ്‌തപ്പോഴും സ്വന്തം നയവൈകൃതങ്ങളെ ന്യായീകരിച്ച്‌ അമിത്‌ ഷാ ഒരു പ്രമുഖ ടിവി ചാനലിന്‌ നൽകിയ അഭിമുഖത്തിൽ തറപ്പിച്ച്‌ പറയുകയുണ്ടായി.

എന്നാൽ, കഴിഞ്ഞദിവസം നരേന്ദ്ര മോഡി ഡൽഹിയിലെ പൊതുയോഗ പ്രസംഗത്തിൽ ഒരു ചുവട്‌ പിന്നോട്ടുവച്ചു: ഇന്ത്യയിലാകെ പൗരത്വ രജിസ്റ്റർ കേന്ദ്രസർക്കാർ ആലോചിച്ചിട്ടില്ലെന്ന്‌ വിളിച്ചുപറയുകയും മറിച്ചുള്ള പ്രചാരണം പ്രതിപക്ഷം ബോധപൂർവം നടത്തുന്ന നുണപ്രചാരണമാണെന്നുമാണ്‌ മോഡി പ്രസ്‌താവിച്ചത്‌. സ്വയം നുണപറഞ്ഞ പ്രധാനമന്ത്രി ഒപ്പം സത്യം വിളിച്ചുപറഞ്ഞ പ്രതിപക്ഷത്തെയും പ്രക്ഷോഭകരെയും നുണപറയുന്നവർ എന്ന്‌ കുറ്റപ്പെടുത്തിയത്‌ എത്ര വലിയ ഒരു തട്ടിപ്പുകാരനാണ്‌ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന്‌ ആലോചിക്കാൻ നമ്മെ നിർബന്ധിക്കുകയാണ്‌.

ഇന്ത്യയിലെ പ്രതിപക്ഷവും സ്വമേധയാ സമരരംഗത്തുവന്ന വിദ്യാർഥി–-യുവജനവിഭാഗങ്ങളും രാമചന്ദ്ര ഗുഹയെപ്പോലെയുള്ള സ്വതന്ത്രചിന്തകരും ചലച്ചിത്രപ്രവർത്തകരും കലാകാരന്മാരും, തടഞ്ഞുനിർത്താനോ അടിച്ചൊതുക്കാനോ കഴിയാത്ത ബൃഹത്തായ ഒരു സമരപ്രസ്ഥാനമായി വളരുമെന്ന സാഹചര്യം രൂപപ്പെടുകയാണ്‌. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവും ചേർന്ന്‌ നടത്തിയ വിശാല സമരമാതൃക ജനുവരി 26ന്റെ മനുഷ്യശൃംഖലയായി വളരുന്നത്‌ ഇന്ത്യക്കുതന്നെ മാതൃകയാണ്‌. ബിജെപി മുന്നണിയിലും ബിജെപിയിൽത്തന്നെയും ഇത്‌ വലുതും ചെറുതുമായ സ്വാധീനം ചെലുത്താൻ തുടങ്ങുന്നതും നാം കണ്ടു. ജാർഖണ്ഡിലെ ജനവിധിയും ഈ പ്രവണതകളെ ശക്തിപ്പെടുത്തുന്നു. കൂടുതൽ രൂക്ഷമായ അടിച്ചമർത്തലും വെടിവയ്‌പുംകൊണ്ട്‌ ബഹുജനരോഷവും പ്രതിഷേധവും അടിച്ചമർത്താൻ ശ്രമിക്കണം എന്ന്‌ വാദിക്കുന്നവർ ആർഎസ്‌എസിലും സംഘപരിവാറിലും ഉണ്ട്‌.

എട്ട്‌ വയസ്സുമാത്രമുള്ള പിഞ്ചുകുഞ്ഞുമുതൽ ഡസൻകണക്കിന്‌ നിരായുധരെ ഭീകരമായി അടിച്ചും വെടിവച്ചും കൊല്ലാൻ മടിക്കാത്ത ബിജെപി ഭരണം അതേപാത പിന്തുടർന്നാൽ അതിശക്തവും വ്യാപകവുമായി ബഹുജനസമരം ആളിപ്പടരുകയാകും ഫലം. ഒടുവിൽ അടിച്ചമർത്തുന്നവർക്ക്‌ അടിതെറ്റുമെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌. സുദീർഘവും ത്യാഗപൂർണവും അതിവിശാലവുമായ സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം. എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News