ബിജെപിയ്ക്ക് വെല്ലുവിളിയായി കേരളവും പിണറായി വിജയനും

ബിജെപിയ്ക്ക് വെല്ലുവിളിയായി കേരളവും പിണറായി വിജയനും. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെച്ചനിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അമിത് ഷാ ആവശ്യപ്പെട്ടു.

ദേശീയ പൗരത്വ ഭേതഗതി നിയമത്തിനെതിരേ കേരളമുയര്‍ത്തുന്നത് വലിയ പ്രതിരോധമാണെന്ന സൂചനകളാണ് അമിത്ഷായുടെ വാക്കുകള്‍. കേരളത്തിന് പുറമേ ബംഗാളിനേയും പരാമര്‍ശിച്ചായിരുന്നു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

കോണ്‍ഗ്രസും മറ്റിതര മുന്നണികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ അമിത് ഷാ മൗനം പാലിച്ചതും കേരളം ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ ശക്തി പ്രകടമാക്കുന്നതാണ്.

ദേശീയ പൗരത്വ നിയമം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ദേശീയ ജനസംഖ്യാ പട്ടിക തയ്യാറാക്കുന്നതെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കേരളവും ബംഗാളും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. സമാനമായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും ജെഡിയു ഭരിക്കുന്ന ബീഹാറും ഉള്‍പ്പടെ പൗരത്വഭേഗഗതി നിയമം നടപ്പാക്കില്ല എന്നറിയിച്ചിട്ടും കേരളവും ബംഗാളും മാത്രം നിലപാട് തിരുത്തണമെന്ന് അമിത്ഷാ ആവശ്യപ്പെടുകയായിരുന്നു.

ജനവികാരം കണക്കിലെടുത്ത് മറ്റ്ചില സംസ്ഥാനങ്ങള്‍ പൗരത്വ ഭേതഗതി നിയമത്തിനെതിരേ രംഗത്തെത്തിയെങ്കിലും കേന്ദ്രം ആവശ്യപ്പെട്ട ജനസംഖ്യ പട്ടികയുമായി സഹകരിക്കാന്‍ തയ്യാറാകുന്നത് ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ നയം വ്യക്തമാകുന്നതാണ് . സിഎഎയ്‌ക്കെതിരേ രാജ്യവ്യാപകപ്രതിഷേധം അലയടിക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടവിധം സമരരംഗത്തെത്താനായില്ല എന്നതിന്റെ സൂചനകൂടിയാണ് അമിത് ഷായുടെ വാക്കുകളിലുളളത്. കോണ്‍ഗ്രസിന്റെ അയഞ്ഞ സമീപനം അമിത്ഷായെപ്രതിരോധത്തിലാക്കുന്നില്ലെന്നതും ശ്രദ്ധേയം. രാജ്യം കത്തിയെരിയുമ്പോള്‍ ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനത്തിനുപോയ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുളളവരാണ് ഇതിന് മറുപടി പറയേണ്ടതെന്ന് രാഷ്ട്രീയവിദഗ്ദ്ധര് വിലയിരുത്തുന്നു.

രാജ്യത്തെ ഓരോ സാധാരണ താമസക്കാരന്റേയും സമഗ്രമായ തിരിച്ചറിയല്‍ രേഖ സൃഷ്ടിക്കുകയാണ് എന്‍പിആറിന്റെ ലക്ഷ്യം. ഇതില്‍ പൗരന്റെ ബയോമെട്രിക് അടയാളങ്ങളും ഉള്‍പ്പെടും. വ്യക്തിഗത വിവരങ്ങള്‍, പൗരത്വം, ജനിച്ച രാജ്യം, ജനിച്ച വര്‍ഷം തുടങ്ങിയ വിവരങ്ങളും ആവശ്യപ്പെടുന്നുണ്ട്. സിഎഎ ആദ്യംനടപ്പാക്കുന്ന അസമിനെ ഒഴിവാക്കി എന്‍പിആര്‍ തയ്യാറാക്കാനുളള നീക്കവും കേരളത്തിന്റെ ആശങ്കകള്‍ ശരിവയ്ക്കുന്നതാണ്.

പൗരത്വ ഭേതഗതി നിയമത്തിനെതിരേ പ്രതിപക്ഷത്തേക്കൂടി സഹകരിപ്പിച്ച് ശക്തമായ പ്രതിരോധമൊരുക്കി രാജ്യത്ത് ആദ്യം രംഗത്തെത്തിയത് പിണറായി വിജയന്‍ സര്‍ക്കാറാണ്. സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന നിലപാട് ആദ്യം പറഞ്ഞതും പിണറായി വിജയനായിരുന്നു. അത്തരം പ്രതിഷേധമുയരുമ്പോള്‍കുറുക്കുവഴികളിലൂടെ പൗരത്വ പട്ടിക തയ്യാറാക്കാനുളള അമിത് ഷായുടേയും മോദിയുടേയും തന്ത്രത്തിനേറ്റതിരിച്ചടി കൂടിയാണ് എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെച്ചുകൊണ്ടുളള കേരളത്തിന്റേയും ബംഗാളിന്റേയും പ്രതിരോധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here