മലക്കം മറിഞ്ഞ് യെദ്യൂരപ്പ; മംഗളുരുവില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ധനസഹായം അനിശ്ചിതത്വത്തില്‍

മംഗളുരുവില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള കര്‍ണാടക സര്‍ക്കാര്‍ ധനസഹായം അനിശ്ചിതത്വത്തിലായി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ ധനസഹായം നല്‍കുന്നത് പരിഗണിക്കാനാകൂവെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി യദ്യൂരപ്പ മലക്കം മറിഞ്ഞു.
മുഖ്യമന്ത്രിയുടെ സഹായ വാഗ്ദാനത്തില്‍ ബിജെപിയിലും ആര്‍ എസ് എസിലും അഭിപ്രായ ഭിന്നതയാണ് നിലപാട്
മാറ്റത്തിന് കാരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളുരുവില്‍ നടന്ന പ്രതിഷേധത്തില്‍ രണ്ട് യുവാക്കളെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. സംഭവത്തില്‍ ശക്തമായ ബഹുജന രോഷം ഉയരുകയും ചെയ്തപ്പോള്‍ മംഗളുരില്‍ കര്‍ഫ്യു പ്രഖ്യാപിക്കേണ്ടി സ്ഥിതിവന്നു. സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി യദ്യൂരപ്പ രണ്ടു ദിവസത്തിനകം മംഗളുരില്‍ വന്ന് ജനപ്രതിനിധികളും മുസ്ലീം സംഘടനകളുമായി ചര്‍ച്ച നടത്തി.

ചര്‍ച്ചയിലെ ധാരണ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. പിറ്റേന്ന് തന്നെ 10 ലക്ഷം രൂപാ വീതം സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മാത്രമല്ല സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചു. സമീപ ജില്ലയായ ഉഡുപ്പി കലക്ടര്‍ക്ക് അന്വേഷണ ചുമതലയും നല്‍കി.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 3 മാസം സമയവും അനുവദിച്ചു. മാത്രമല്ല മംഗളുരുവില്‍ നിശാനിയമം പിന്‍വലിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ പൊലീസിലും ബി ജെ പി – ആര്‍ എസ് എസ് സംഘടനകളിലും പ്രതിഷേധം ഉയര്‍ന്നു. അത് പുറത്ത് വന്നില്ലെന്നും മാത്രം. ഇന്ത്യയില്‍ മറ്റെവിടയും സ്വീകരിക്കാത്ത നിലപാട് യദ്യൂരപ്പ സ്വീകരിച്ചുവെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നു.

കേന്ദ്ര നേതൃത്വത്തില്‍ നിന്നും ചോദ്യങ്ങളുയര്‍ന്നു. ഇതേ തുടര്‍ന്നാണ് യദ്യൂരപ്പയുടെ മലക്കം മറിച്ചില്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വണ്ട ശേഷം ധനസഹായം തീരുമാനിക്കാമെന്നാണ് ഇപ്പോള്‍ യദ്യൂരപ്പയുടെ നിലപാട്. സ്ഥലത്തില്‍ ധനസഹായം ലഭിക്കാത്ത സ്ഥിതിയാണുണ്ടാകുക. സര്‍ക്കാരുദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് വെടിവെയ്പ്പിനെ ന്യായീകരിക്കുന്ന നിലയിലാകുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്.

ഇതിനിടെ പ്രതിഷേധക്കാര്‍ നടത്തിയ അക്രമമെന്ന നിലയില്‍ പൊലീസ് ഇതിനിടെ ചില ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അക്രമം നിയന്തിക്കാന്‍ വെടിവെച്ചുവെന്ന പൊലീസ് വാദം ന്യായീകരിക്കകയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നിലെ ലക്ഷ്യം. പൊലീസ് വെടിവെയ്പ്പ് അന്യായമെന്ന് ചൂണ്ടിക്കാട്ടിയ സി പി ഐ (എം) പ്രതിനിധി സംഘം ജുഡീഷ്യല്‍ അന്വേഷണമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here