ശബരിമല നട വ്യാഴാഴ്ച നാല് മണിക്കൂര്‍ അടച്ചിടും

ശബരിമല: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട വ്യാഴാഴ്ച നാല് മണിക്കൂര്‍ അടച്ചിടും.

രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല, മാളികപ്പുറം, പമ്പ ക്ഷേത്രങ്ങള്‍ അടച്ചിടുക. അന്നേ ദിവസം തീര്‍ഥാടകര്‍ക്ക് മല ചവിട്ടാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 27ന് മണ്ഡലപൂജ വേളയിലും തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ശബരിമലയിലേക്കുളള തിരക്ക് വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച രാത്രി മുതല്‍ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നുണ്ട്. ഈ നിയന്ത്രണം 25നും തുടരും.

26ന് രാവിലെ 6.45 മുതല്‍ പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് മല ചവിട്ടാന്‍ അനുവദമില്ല. രാവിലെ ഏഴ് മുതല്‍ നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പമ്പയിലേക്ക് പോകുന്നത് നിയന്ത്രിക്കും. വ്യാഴാഴ്ച രാവിലെ 8.06 മുതല്‍ 11.13 മണി വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറക്കും.

തുടര്‍ന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. ഇതിനു ശേഷം 1 മണിക്കൂര്‍ സമയം നെയ്യഭിഷേകം ഉണ്ടായിരിക്കും. തുടര്‍ന്ന് ഉച്ചപൂജ. അതു കഴിഞ്ഞ് നട അടയ്ക്കും. അന്നേ ദിവസം വൈകിട്ട് നട തുറക്കുന്നത് 5 മണിക്കായിരിക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കും.

തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25 ഓടെ പതിനെട്ടാം പടി കയറി കൊണ്ടു വരുന്ന തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. 27ന് 10നും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. വൈകിട്ട് 4ന് തുറക്കുന്ന നട രാത്രി 10ന് അടയ്ക്കും.

ഇതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനും പരിസമാപ്തിയാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News