വലയ സൂര്യഗ്രഹണം; ആദ്യം ദൃശ്യമായത് കാസർകോട് ചെറുവത്തൂരിൽ

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ആദ്യം ദൃശ്യമായത് കാസർകോടെ ചെറുവത്തൂരിലാണ്. വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായപ്പോൾ മറ്റു ജില്ലകളില്‍ ഭാഗികമായാണ് ദൃശ്യമായത്. രാവിലെ 11.15 വരെ ഗ്രഹണം നീളും.നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്.

വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം ദേവമാതാ കോളേജ് ഗ്രൗണ്ട്, ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ കോളേജ് ഗ്രൗണ്ട് , നാദാപുരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളില്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കും.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ശാസ്ത്രകുതുകികളും വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തിലെത്തുന്നുണ്ട്.കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയോടെ കാണാം. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണമായ കാഴ്ച ലഭിക്കും.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു വിളിക്കുന്നത്.

രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്‌നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും. കേരളത്തില്‍ വലയഗ്രഹണം അവസാനം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News