ജനസംഖ്യ രജിസ്റ്ററിന് തെറ്റായ വിവരങ്ങള്‍ നല്‍കി പ്രതിഷേധിക്കണം: അരുന്ധതി റോയ്

ദേശീയ പൗരത്വ രജിസ്റ്റര്‍നിര്‍മാണത്തിനുള്ള ഡേറ്റാബേസായി ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ ഉപയോഗിക്കുമെന്നതിനാല്‍ ഇതിനായി സമീപിക്കുന്നവര്‍ക്ക് ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്.ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അരുന്ധതി റോയിയുടെ പരാമര്‍ശം.ദേശീയ പൗര രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യത്തെ മുസ്ലീംങ്ങള്‍ക്കും ദരിദ്രര്‍ക്കും എതിരാണെന്നും അവര്‍ പറഞ്ഞു.

എന്‍പിആറിന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ വരുകയും നിങ്ങളുടെ പേരും ഫോണ്‍ നമ്പരും വിലാസവും ശേഖരിക്കുകയും ആധാര്‍ കാര്‍ഡ് പോലുള്ള രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും. എന്‍പിആറിന് വേണ്ടി നല്‍കുന്ന വിവരങ്ങള്‍ പിന്നീട് എന്‍ആര്‍സിക്കുള്ള ഡേറ്റാബേസായി പരിഗണിക്കും. ഇത് അനുവദിക്കാനാവില്ല.അതുകൊണ്ട് നമ്മള്‍ പോരാടണം.

അതിന് വലിയ ആസൂത്രണം ആവശ്യമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കുകയാണ് അതിനുള്ള ഒരു വഴിയെന്നും അരുന്ധതി റോയ്. പേരു ചോദിക്കുമ്പോള്‍ വേറെ ഏതെങ്കിലും പേര് നല്‍കുക. വിലാസം ചോദിത്തുമ്പോള്‍ 7 റേസ് കോഴ്സ് (പ്രധാനമന്ത്രിയുടെ വസതി) രേഖപ്പെടുത്തുക. ലാത്തികളെയും വെടിയുണ്ടകളെയും നേരിടാന്‍ വേണ്ടിയല്ല നമ്മള്‍ ജനിച്ചതെന്നും അരുന്ധതി റോയ് പറഞ്ഞു.അതേസമയം, പൗരത്വ നിയമത്തെയും പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ഡല്‍ഹി രാംലീല മൈതാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വിശദീകരണങ്ങള്‍ നുണയാണെന്നും അവര്‍ ആരോപിച്ചു.

രാജ്യത്തെവിടെയും തടങ്കല്‍പാളയങ്ങളില്ലെന്നും സര്‍ക്കാര്‍ എന്‍ആര്‍സിയെക്കുറിച്ചു പറഞ്ഞില്ലെന്നുമാണു പ്രധാനമന്ത്രി അവകാശപ്പെടുന്നത്. പിടിക്കപ്പെടുമെന്ന് അറിയാം എങ്കിലും അദ്ദേഹം കളവ് പറയുകയാണ്. രാജ്യത്ത് എന്‍ആര്‍സിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു പദ്ധതികളുടെയും വ്യവസ്ഥകള്‍ എന്‍പിആറില്‍ കൂടി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെട്ടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here