തൊഴില്‍ നഷ്ടമാകുമെന്ന് ഭയം; മഹാരാഷ്ട്രയിലെ 30,000 സ്ത്രീകള്‍ ഗര്‍ഭാശയം നീക്കം ചെയ്തു

തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ മുപ്പതിനായിരത്തോളം വനിതാ തൊഴിലാളികള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്ത്.ഗുരുതരമായ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര  മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കയച്ച കത്തിലാണ് നിതിന്‍ റാവത്ത് ഇക്കാര്യം പറയുന്നത്.

കരിമ്പു തോട്ടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് ആര്‍ത്തവദിനങ്ങളില്‍ തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.ഒരു ദിവസം ജോലി നഷ്ടമായാല്‍ ആ സാമ്പത്തിക നഷ്ടം താങ്ങാനാകാത്ത ദാരിദ്യമാണ് ഈ മേഖലകളില്‍ നിലനില്‍ക്കുന്നത്. ഇക്കാരണത്താലാണ് ആര്‍ത്തവം ഒഴിവാക്കാന്‍ സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.ഈ നടപടി വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും നിതിന്‍ പറയുന്നു. വളരെ പ്രായം കുറഞ്ഞ സ്ത്രീകളും ഇത്തരം സര്‍ജറികള്‍ക്ക് വിധേയരാകുന്നുണ്ട്.

ആര്‍ത്തവ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയാതെ വരുന്നതോടെ കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന മുപ്പതിനായിരത്തോളം സ്ത്രീകള്‍ തങ്ങളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് നിതിന്‍ റാവത്ത് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സ്ത്രീകള്‍ക്ക് ബോധവത്കരണവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കണമെന്നും നിതിന്‍ റാവത്ത് കത്തില്‍ ആവശ്യപ്പെടുന്നു.

ബീഡ്, ഒസ്മാനാബാദ് എന്നിവിടങ്ങളിലെ കരിമ്പുതോട്ടങ്ങളില്‍ പണിയെടുക്കുന്നവരാണ് ഈ സ്ത്രീകളെല്ലാം. ഇതേ വിഷയത്തില്‍ മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ കാര്യമായ നടപടികളൊന്നും വരികയുണ്ടായില്ല.

ബീഡ് മേഖലയിലെ 50% സ്ത്രീകളും ഒന്നോ രണ്ടോ കുട്ടികള്‍ ജനിച്ച ശേഷം ചെറുപ്രായത്തില്‍ തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യാറാണ് പതിവ്. ഇതിനായി സമീപത്ത് ധാരാളം ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. അവധിയെടുക്കുന്ന ദിവസങ്ങളില്‍ ദിവസം 500 രൂപ വെച്ച് മൊത്തം കൂലിയില്‍ നിന്ന് നഷ്ടമാകുന്ന സ്ഥിതിയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരിമ്പു വിളവെടുപ്പുകാലത്ത് ജോലി തീരുംവരെ പാടങ്ങളില്‍ തന്നെ അന്തിയുറങ്ങണം സ്ത്രീകള്‍. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് കരാറുകാര്‍ തന്നെ പണം നല്‍കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News