പ്രക്ഷോഭത്തിനെതിരായ പരാമര്‍ശം; കരസേന മേധാവി മാപ്പുപറയണമെന്ന് സിപിഐഎം; അധികാരപദവി ലംഘിച്ച ബിപിന്‍ റാവത്തിനെ ശാസിക്കാന്‍ കേന്ദ്രം തയ്യാറാവണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയ പരാമര്‍ശത്തിനെതിരെ സിപിഐഎം.

അധികാരപദവി ലംഘിച്ച കരസേന മേധാവി ബിപിന്‍ റാവത്ത് മാപ്പു പറയണമെന്നും മേധാവിയെ കേന്ദ്രസര്‍ക്കാര്‍ ശാസിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തെ, പാകിസ്ഥാന്‍ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുന്നെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ യുവാക്കളുടെ സമരമാണെന്നും അക്രമകാരികള്‍ യഥാര്‍ഥ നേതാക്കളല്ലെന്നുമായിരുന്നു ബിപിന്‍ റാവത്തിന്റെ പരാമര്‍ശം.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന പശ്ചാത്തലത്തിലായിരുന്നു സേനാ മേധാവിയുടെ പ്രതികരണം.

രാഷ്ട്രീയചായ്‌വില്ലാതെ, നിഷ്പക്ഷമായിരിക്കുന്ന പദവിയിലിരുന്ന് ഒരു രാഷ്ട്രീയ നിലപാടിനെ കരസേനാ മേധാവി പിന്തുണച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി മറ്റു പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തുവന്നിരുന്നു.

കരസേനാ മേധാവി പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള സമരത്തില്‍ സംസാരിക്കുന്നത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണ്. ഇന്ന് രാഷ്ട്രീയം സംസാരിക്കാന്‍ കരസേനാമേധാവിയെ അനുവദിച്ചാല്‍ നാളെ എന്തുണ്ടാകുമെന്ന് ആര്‍ക്കറിയമെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here