നീണ്ടൂരിന്റെ നെഞ്ചിലെ കനലായി സഖാക്കള്‍ ഇന്നും ജീവിക്കുന്നു; നീണ്ടൂര്‍ രക്തസാക്ഷിത്വത്തിന് 48ാം വാര്‍ഷികം

ഐതിഹാസികമായ നീണ്ടൂര്‍ സമര പോരാട്ടത്തിലെ രക്തസാക്ഷിത്വത്തിന് 48ാം വാര്‍ഷികം. നീണ്ടൂര്‍ രക്തസാക്ഷികള്‍ ആലി, വാവ, ഗോപി എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ 48ാാമത് വാര്‍ഷികം നീണ്ടൂരില്‍ വമ്പിച്ച റാലിയോടെ ആരംഭിച്ചു. തൊഴിലാളികളുടെ സമര ഐക്യത്തിനു നേതൃത്വം നല്‍കിയ മൂവരുടെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമന കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി അനുസ്മരിച്ചു. വൈകിട്ട് ചന്തമുക്കില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യും.

ആറര രൂപ കൂലിക്കും ആറു മണിക്കൂര്‍ ജോലിക്കും വേണ്ടിയുള്ള കര്‍ഷക സമരം കേരളത്തില്‍ കൊടിമ്പിരികൊള്ളുന്ന കാലം. നീണ്ടൂര്‍ പുത്തന്‍കരിപ്പാടശേഖരത്തില്‍ ജന്മിമാരുടെ കരിങ്കാലികള്‍ പാടത്ത് പണിയെടുക്കുന്നു. സമയം കഴിഞ്ഞിട്ടും ചെങ്കൊടി ഉയര്‍ന്നിട്ടും അവര്‍ പണി നിര്‍ത്തിയില്ല. കര്‍ഷകത്തൊഴിലാളികളായ സ്ത്രീകള്‍ അവരോട് പണിനിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും മുതലാളിമാര്‍ കൂലിക്ക് കൊണ്ടുവന്ന ഗുണ്ടകള്‍ കൈയില്‍ കരുതിയ കഠാരയുമായി സ്ത്രീകള്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.

സഖാക്കളായ ഓമന, അമ്മിണി, കോമളം കുഞ്ഞുമോള്‍, കാഞ്ചന, ജാനകി, അന്നക്കുട്ടി എന്നിവര്‍ക്ക് മാരകമായി കുത്തേറ്റു. ഇവരെ രക്ഷിക്കാനായി സഖാക്കളായ ആലിയും, വാവയും, ഗോപിയും എന്നിവര്‍ ഓടിയെത്തി. സ്ത്രീകളെ രക്ഷിക്കാന്‍ നടത്തുന്ന മല്‍പ്പിടിത്തത്തില്‍ കാപാലികര്‍ ഇവരെയും പുത്തന്‍കരി പാടശേഖത്തില്‍ കുത്തിക്കൊലപ്പെടുത്തി ചെളിയില്‍ ചവിട്ടിത്താഴ്ത്തി. 1971 ഡിസംബര്‍ 27. ജില്ലയിലെ കര്‍ഷകത്തൊഴിലാളി സമര ചരിത്രത്തിലെ ഉണങ്ങാത്ത മുറിവായി, വേദനയായി.

സമഗ്രമായ കാര്‍ഷിക തൊഴില്‍പരിഷ്‌ക്കരണം ആവശ്യപ്പെട്ട് കേരള കര്‍ഷകത്തൊഴിലാളി യൂണിയന്‍ നടത്തിയിരുന്ന പോരാട്ടങ്ങളില്‍ രക്തസാക്ഷിത്വംവഹിച്ച സഖാക്കള്‍ നീണ്ടൂരിന്റെ നെഞ്ചിലെ കനലായി ഇന്നും ജീവിക്കുന്നു. രക്തസാക്ഷികള്‍ മരിക്കില്ല..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News