പൗരത്വ ഭേദഗതി നിയമം: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തും, വീടുകള്‍ കൊള്ളയടിച്ചും, മനുഷ്യത്വഹീനമായ നടപടികള്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ത്രിപുര,കര്‍ണാടകം എന്നിവിടങ്ങളിലാണ് മനുഷ്യത്വഹീനമായ നടപടികള്‍. ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റിലാണ്. യുപിയിലെ മുസഫര്‍നഗറില്‍ പൊലീസ് വീടുകള്‍ കൊള്ളയടിച്ചു. മുസ്ലിം കുടുംബങ്ങളെ തെരഞ്ഞുപിടിച്ചാണ് കൊള്ള. പണം കൊള്ളയടിക്കുകയും വീടുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായി നിരവധികുടുംബങ്ങള്‍ പരാതിപ്പെട്ടു. ഖലാപാര്‍, സര്‍വാത് തുടങ്ങിയ മേഖലകളില്‍നിന്നുള്ള പരാതികള്‍ താന്‍ പരിശോധിച്ചുവരികയാണെന്ന് അഡീഷണല്‍ ജില്ലാമജിസ്ട്രേട്ട് അമിത്സിങ് പറഞ്ഞു.

യുപിയില്‍ സിപിഐ എം ബനാറസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ 11 പേരടക്കം 69 ഇടതുപക്ഷ പാര്‍ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ച സിപിഐ എം, സിപിഐ, സിപിഎം എംഎല്‍ അംഗങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ബനാറസ് ഹിന്ദു സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് വെടിവയ്പില്‍ 23 പേര്‍ കൊല്ലപ്പെട്ട യുപിയില്‍ 213 കേസിലായി 925 പേര്‍ അറസ്റ്റിലാണ്.

മെഴുകുതിരിയുമായി മാര്‍ച്ച് നടത്തിയ 1200 അലിഗഢ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ കാണ്‍പുര്‍, ഫിറോസാബാദ്, മൗ തുടങ്ങിയ നഗരങ്ങളില്‍ പതിച്ചു. വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഫെയ്സ്ബുക്ക്, വാട്സാപ് വഴിയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഗൊരഖ്പുരില്‍ വസ്തുവകകള്‍ കണ്ടുകെട്ടുമെന്നാണ് പോസ്റ്റര്‍.

പ്രതിഷേധക്കാര്‍ക്ക് നിയമസഹായം നല്‍കിയ രാജസ്ഥാന്‍കാരനായ അഭിഭാഷകന്‍ മുഹമ്മദ് ഫൈസലിനെ യുപിയില്‍ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരായ നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഡിജിപിക്ക് നോട്ടീസയച്ചു. ഗുജറാത്തില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം അരുണ്‍ മേത്തയടക്കം 50 പേരെ അറസ്റ്റ് ചെയ്തു. ത്രിപുരയില്‍ സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ച് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയില്‍ കോച്ചിങ് സെന്ററുകളും വിദ്യാര്‍ഥികളുടെ താമസസ്ഥലങ്ങളും പൊലീസ് ഒഴിപ്പിച്ചു. താമസസ്ഥലങ്ങള്‍ അടച്ചുപൂട്ടുമെന്നും 50,000 രൂപ പിഴ ഈടാക്കുമെന്നും നോട്ടീസ് പതിച്ചു. കോച്ചിങ് സെന്ററുകള്‍ ജനുവരി മൂന്നുവരെ അടച്ചിടാന്‍ നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here