പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; ജാമിയ വിദ്യാര്‍ഥികളുടെ ഉപരോധം, ദില്ലിയില്‍ നിരോധനാജ്ഞ; യുപിയില്‍ എട്ടു സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സീലംപൂരിലും ജഫ്രാബാദിലും ചാണക്യപുരിയിലെ യുപി ഭവനിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് നിരോധനാജ്ഞയെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച്ച നമസ്‌ക്കാരം കണക്കിലെടുത്ത് ദില്ലി ജമാ മസ്ജിദിന് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗ, ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍, മധുര, അലിഗഢ്, ആഗ്ര, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും.

ഉത്തര്‍പ്രദേശിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ ചാണക്യ പുരിയിലെ യുപി ഭവന്‍ ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമരത്തിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ഉപരോധം നടത്താന്‍ തന്നെയാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതിന് കൂടുതല്‍ പേര്‍ക്കെതിരെ നടപടി തുടരുകയാണ്. പൊതുമുതല്‍ നശിപ്പിച്ചതിന് ഉത്തര്‍പ്രദേശില്‍ 498 പേര്‍ക്ക് നോട്ടീസ് നല്‍കി. പ്രക്ഷോഭത്തില്‍ യുപിയില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 327 എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. 1,113 പേരെ അറസ്റ്റു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News