താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുന്ന മോദി സര്‍ക്കാര്‍; മിണ്ടാന്‍ പോലും ഭയമെന്ന് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍

തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി പടരുന്നു.

സ്വകാര്യ വാട്സാപ് ഗ്രൂപ്പുകളില്‍ ഇതുസംബന്ധിച്ച് ശക്തമായ ചര്‍ച്ചകളാണ് നടക്കുന്നത്. നിലപാടുകളുടെ പേരില്‍ മുതിര്‍ന്ന ഉദ്യേഗസ്ഥരെ വേട്ടയാടുന്നവര്‍ നാളെ തങ്ങളെയും തേടിവരുമെന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ പിന്തുണച്ചു രംഗത്തുവരുന്നവര്‍പോലും സ്വകാര്യ വാട്സാപ് കൂട്ടായ്മകളില്‍ ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമീഷണര്‍ അശോക് ലവാസയ്ക്ക് എതിരെയുണ്ടായതുപോലെ അനഭിമതരെന്ന് തോന്നുന്ന ഉദ്യോഗസ്ഥര്‍ക്കു പിന്നാലെ സര്‍ക്കാര്‍ നീങ്ങുകയാണെന്ന് പേര് വെളിപ്പെടുത്താതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പലരും സ്വയം വഞ്ചിതരാവുകയാണ്. ആര്‍ക്കും ഭരണഘടനാപരമായ സംരക്ഷണംപോലുമില്ല. അടിമകളെപ്പോലെയാണ് തങ്ങളെ കണക്കാക്കിയിരിക്കുന്നതെന്നും സന്ദേശത്തില്‍ കുറ്റപ്പെടുത്തി.

വിരമിച്ചവരെയും സര്‍വീസിലുള്ളവരെയും കേസുകളില്‍പെടുത്തുന്നത് അതൃപ്തി പടര്‍ത്തുന്നുണ്ട്. പി ചിദംബരത്തിന്റെ അറസ്റ്റിന് ഇടയാക്കിയ ഐഎന്‍എക്സ് മീഡിയകേസില്‍ നിതി ആയോഗ് സിഇഒ ആയിരുന്ന സിന്ധുശ്രീ ഖുള്ളറിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ എഴുപതോളം ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു.

അതോടൊപ്പം സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നതിലും പ്രതിഷേധമുണ്ട്.

പൗരത്വബില്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും ഇത്തരം ഗ്രൂപ്പുകളില്‍ കടുത്ത വിമര്‍ശമാണുയരുന്നത്. ഒരേ കുറ്റത്തിന് മതത്തിന്റെ പേരില്‍ രണ്ടുതരം ശിക്ഷവരെ സര്‍ക്കാര്‍ നല്‍കിയേക്കാമെന്നും ഇവര്‍ ഭയപ്പെടുന്നു.

ഇത്തരം അട്ടിമറികള്‍വഴി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്നും വിമര്‍ശമുയരുന്നുണ്ട്. ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ അവസ്ഥയിലും പലരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News