പൗരത്വ നിയമം: കൊച്ചിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിതയ്ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം. നോര്‍വെ സ്വദേശിനി ആയ ജാനി മെറ്റി ജോണ്‍സിനോട് ആണ് വിസാ ചട്ടം ലംഘിച്ചതിന് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ ആഴ്ചയാണ് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സിനിമാ താരങ്ങളും പങ്കെടുത്ത ലോംഗ് മാര്‍ച്ച് കൊച്ചിയില്‍ നടന്നത്. ഷിപ്പ്‌യാര്‍ഡ് മുതല്‍ ഫോര്‍ട്ട് കൊച്ചി വരെ നടന്ന മാര്‍ച്ചിലാണ് നോര്‍വെ സ്വദേശിനി ആയ ജാനി മെറ്റി ജോണ്‍സ് പങ്കെടുത്തത്. തന്റെ ഫേസ്ബുക്കില്‍ ഉള്‍പ്പടെ ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സഹിതമുള്ള കുറിപ്പും ജാനി മെറ്റി ജോണ്‍സ് പങ്ക് വെച്ചിരുന്നു.

സന്ദര്‍ശക വിസയില്‍ എത്തിയ യുവതി വിസ ചട്ടങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇമിഗ്രേഷന്‍ വിഭാഗം രാജ്യം വിടാന്‍ യുവതിയോട് ആവശ്യപ്പെട്ടത്. രാജ്യ താല്‍പര്യത്തിന് എതിരായി ജാനി മെറ്റി ജോണ്‍സ് പ്രവര്‍ത്തിച്ചു എന്നാണ് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഹോട്ടലില്‍ എത്തിയ ഉദ്യോഗസ്ഥര്‍ തന്നോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ജാനി മെറ്റി ജോണ്‍സിന്റെ ഫേസ്ബുക്കില്‍ പറയുന്നു. അല്ലാത്ത പക്ഷം നിയമ നടപടി നേരിടേണ്ടി വരുമെന്നതിനാല്‍ കൊച്ചിയില്‍ നിന്ന് ദുബായ് വഴി ജന്മദേശത്തേക്ക് ഉടന്‍ മടങ്ങുന്നു എന്നും ജാനി മെറ്റി ജോണ്‍സ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here