ചരിത്രം കുറിക്കാന്‍ ജനുവരി 26ന് മനുഷ്യച്ചങ്ങല; രാജ്യസ്‌നേഹികളായ എല്ലാവരും പങ്കെടുക്കണം; ഭരണഘടന സംരക്ഷിക്കാന്‍ ജനം ഉണര്‍ന്നിരിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: പൗരസമത്വം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ ദേശവ്യാപകമായി ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണെന്നും ഈ പോരാട്ടത്തില്‍ കേരളവും മുന്നിലാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബഹുജന സമരമുന്നേറ്റത്തില്‍ ചരിത്രം കുറിക്കാന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കേരളം മനുഷ്യച്ചങ്ങല തീര്‍ക്കുകയാണ്. ഇത് ജാതിമതവിഭാഗീയ രാഷ്ട്രീയങ്ങള്‍ക്ക് അതീതമായ ജനകീയ കൂട്ടായ്മയാണ്. അതിനാല്‍ രാജ്യസ്‌നേഹികളായ എല്ലാവരും പങ്കെടുക്കണം.

സ്വാതന്ത്ര്യ സമരകാലത്തെ അനുസ്മരിക്കുന്ന രംഗങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാകുന്നത്. രാജ്യമാകെ പടര്‍ന്ന് പിടിക്കുന്ന പ്രതിഷേധങ്ങളിലെ തിളക്കമുള്ള ഏടായിരിക്കും ജനുവരി 26 ന്റെ മനുഷ്യചങ്ങല.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേന്ദ്രഭരണവും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തീവ്രമായ പല ഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. കേന്ദ്രഭരണവും ജനങ്ങളും തമ്മിലുള്ള വൈരുധ്യം ഇന്നത്തെപ്പോലെ വളര്‍ന്ന മറ്റൊരുഘട്ടം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉണ്ടായിട്ടില്ല.

വലിയ ഭൂരിപക്ഷത്തോടെ രണ്ടാംവട്ടവും അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ ദേശവ്യാപകമായി അലയടിക്കുന്ന പ്രക്ഷോഭത്തിനുമുന്നില്‍ വിയര്‍ക്കുകയാണ്.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഒന്നര മണിക്കൂര്‍ പ്രസംഗിച്ചെങ്കിലും മൗലികമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിഞ്ഞിട്ടില്ല. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനപരവും ഇന്ത്യ ഒപ്പുവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകള്‍ക്ക് എതിരുമാണെന്ന ഐക്യരാഷ്ട്രസംഘടനയുടെ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ല.

ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ഇന്ത്യ തകര്‍ക്കുന്നുവെന്ന് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷനും പാര്‍ലമെന്റ് വിദേശകാര്യസമിതിയും ചൂണ്ടിക്കാട്ടിയതിനും മോഡിക്ക് മറുപടിയില്ല.

പൗരത്വ ഭേദഗതി നിയമം 2019 ഡിസംബര്‍ ഒമ്പതി് ലോക്‌സഭയും 11ന് രാജ്യസഭയും പാസാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഒപ്പിട്ടു കൊടുക്കുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു രാഷ്ട്രപതി പുലര്‍ത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയിട്ടില്ല.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന്, 2014 ഡിസംബര്‍ 31നുമുമ്പ് വന്ന ഹിന്ദു, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന, ക്രൈസ്തവ മതത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് പുതിയ നിയമത്തിലെ പ്രധാന ശുപാര്‍ശ. പൗരത്വം കിട്ടാന്‍ 11 വര്‍ഷത്തെ താമസമെന്നത്, 5 വര്‍ഷമാക്കി ചുരുക്കി.

മുസ്ലിം ജനവിഭാഗത്തെ വിവേചനപൂര്‍വം മാറ്റിനിര്‍ത്തി. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും പൗരത്വം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഇവിടെ മതപരമായ വിവേചനവും മതനിരപേക്ഷ ചിന്താഗതിക്കാരോടുള്ള ഭ്രഷ്ടും പ്രകടമാക്കിയിരിക്കുന്നു.

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്ര തത്വസംഹിതയിലാണ്. മനുസ്മൃതിയെ അവലംബമാക്കി വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറും വിഭാവനം ചെയ്തതാണ് ഹിന്ദുരാഷ്ട്രം. പാകിസ്ഥാന്‍ മുസ്ലിം രാഷ്ട്രമാക്കി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ശിഷ്യന്മാരും ആര്‍എസ്എസും ആവശ്യപ്പെട്ടു.

അതിനെ തള്ളിയാണ് നെഹ്‌റുവും അംബേദ്കറുമെല്ലാം ചേര്‍ന്ന് മതവിവേചനം അനുവദിക്കാത്തതും മതനിരപേക്ഷതയ്ക്ക് കാതല്‍ നല്‍കിയതുമായ പൗരസമത്വം ഉറപ്പാക്കിയ ഭരണഘടനയ്ക്ക് രൂപം നല്‍കിയതും അത് നിയമനിര്‍മാണ സഭ അംഗീകരിച്ചതും.

അപ്രകാരമുള്ള മഹത്തായ ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ കാറ്റില്‍ പറത്തുന്നതാണ് പൗരത്വ ഭേദഗതി നിയമം. അതുകൊണ്ടാണ് ജാതിമത പരിഗണനകള്‍ക്ക് അതീതമായി ജനങ്ങള്‍ രാജ്യത്ത് മോഡി സര്‍ക്കാരിന്റെ വിനാശകരമായ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്.

ജനങ്ങളുടെ രോഷം അടിച്ചമര്‍ത്താന്‍ പൊലീസിനെയും അര്‍ധസൈനികരെയും ഇറക്കി നടത്തിയ വേട്ടയില്‍ കൊല്ലപ്പെട്ടത് 27 പച്ചമനുഷ്യരാണ്. അതില്‍ എട്ട് വയസ്സുള്ള കുട്ടിയുമുണ്ട്.

സമരം ചെയ്യുന്നവരുടെ വേഷം നോക്കൂ എന്നുപറഞ്ഞ് പ്രക്ഷോഭത്തെ വര്‍ഗീയമായി തരംതാഴ്ത്താന്‍ പ്രധാനമന്ത്രി നടത്തിയ വിലകുറഞ്ഞ പരിശ്രമത്തെ ഇന്ത്യയിലെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ സ്വമേധയാ പ്രക്ഷോഭത്തിനിറങ്ങി മറുപടി നല്‍കിയെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News