ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം; പ്രഖ്യാപനം ഇന്നുണ്ടായേക്കും; പ്രതിഷേധവുമായി കര്‍ഷകരും പ്രതിപക്ഷവും

ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന ക്യാബിനെറ്റ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റുന്നതിലുള്ള എതിര്‍പ്പ് രൂക്ഷമായി തുടരുന്നതിനിടെയാണ് തലസ്ഥാനങ്ങളുടെ പ്രഖ്യാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അതേസമയം കര്‍ഷകര്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും തലസ്ഥാനമാറ്റത്തിനെച്ചൊല്ലി സമരം തുടങ്ങി. ടിഡിപി , ബിജെപി പാര്‍ട്ടികളാണ് സമരത്തിനുള്ളത്. അതിനിടെ ടിഡിപി എംപി കേസിനേനി ശ്രിനിവാസ്, ബുദ്ധ വെങ്കന്ന എംഎല്‍എ എന്നിവരെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന വിവരത്തെത്തുടര്‍ന്ന് അമരാവതിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷാസംവിധാനങ്ങളാണ് അമരാവതിയില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളുണ്ടാകുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നടത്തിയത്. ഭരണകേന്ദ്രം വിശാഖപട്ടണത്ത്, കുര്‍ണൂലില്‍ നിതിന്യായ തലസ്ഥാനം, നിയമസഭ അമരാവതിയില്‍ എന്നായിരുന്നു പ്രഖ്യാപനം.

അമരാവതിയില്‍ ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്താണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു തലസ്ഥാനനഗരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഹൈക്കോടതിയടക്കം ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങി. മറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷകക്ഷികളും തലസ്ഥാനവിഭജനത്തിനെതിരെ പ്രതിഷേധവുമായി എത്തി. എന്നാല്‍ പ്രതിഷേധസമരങ്ങളോട് ഇതുവരേയും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News