കേരളത്തിലും തടങ്കല്‍ പാളയം; ദ് ഹിന്ദുവിന്റേത് വ്യാജവാര്‍ത്ത; സത്യാവസ്ഥ ഇതാണ്

പൗരത്വം നഷ്ടപ്പെടുന്നവരെ താമസിപ്പിക്കാന്‍ കേരളത്തിലും തടങ്കല്‍ പാളയമെന്ന് ദി ഹിന്ദു ദിനപത്രത്തിന്റെ വ്യാജവാര്‍ത്ത.

വിവിധ ജയിലുകളില്‍ പലവിധ കാരണങ്ങളാല്‍ കഴിയുന്ന വിദേശികളെ ജയില്‍ അന്തരീക്ഷത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെയാണ് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ തയ്യാറാകുന്നു എന്ന് പറഞ്ഞ് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

എന്‍ആര്‍സിയെ തുടര്‍ന്ന് പൗരന്മാരല്ലാതാക്കപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള വലിയ തോതിലുള്ള തടങ്കല്‍ പാളയങ്ങള്‍ അസാമിലും കര്‍ണ്ണാടകയിലും, മഹാരാഷ്ട്രയിലും തയ്യാറാവുന്നതിന് പിന്നാലെ കേരളത്തിലും അത്തരം കേന്ദ്രങ്ങള്‍ തയ്യാറാവുന്നു എന്ന് പ്രമുഖ പത്രമായ ദി ഹിന്ദു ആണ് വാര്‍ത്ത നല്‍കിയത്.

പല കാരണങ്ങളാല്‍, ജാമ്യത്തിലെടുക്കാന്‍ ആളില്ലാത്തതിനാലോ, വിസ കാലാവധി കഴിഞ്ഞവരേയോ അനധികൃതമായി രാജ്യത്ത് വന്നു പിടിക്കപ്പെട്ട വിദേശികളെയോ അവരുടെ നിയമനടപടി കഴിഞ്ഞു തിരിച്ചുപോകുന്നതുവരെ താമസിപ്പിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ ഉളള കെട്ടിടം തയ്യാറാക്കണമെന്ന് 2012 ല്‍ യുപിഎ സര്‍ക്കാരാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

2015 ല്‍ സമാന നിര്‍ദേശം കേരളാ ഹൈക്കോടതിയും 2016 ലെ മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിന് നല്‍കുകയുണ്ടായി.

അന്നത്തെ ഡിജിപി സെന്‍കുമാര്‍, ഇന്റലിജന്‍സ് മേധാവി, ജയില്‍ ഐജി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഇത്തരം ഒരു കേന്ദ്രം സ്ഥാപിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കുറ്റകൃത്യത്തില്‍പ്പെട്ട പെട്ടവരുടെ വിശദാശങ്ങള്‍ ആരാഞ്ഞ് സാമൂഹ്യനീതി വകുപ്പ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോക്ക് നല്‍കിയ കത്തിന് ഇതുവരെ അവര്‍ മറുപടി നല്‍കിയിട്ടില്ല. കേന്ദ്രം സ്ഥാപിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇതിന്റെ ഭരണാനുമതി പോലും ഇനിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഫയലും സര്‍ക്കാരിലെ ഒരു മന്ത്രിയും കണ്ടിട്ടില്ല.

സത്യമിതാണെന്ന് ഇരിക്കെ പൗരത്വപട്ടികയില്‍ നിന്ന് പുറത്താവുന്നവരെ പാര്‍പ്പിക്കാന്‍ കേരളത്തിലും തടങ്കല്‍ പാളയം ഒരുങ്ങുന്നു എന്ന വാര്‍ത്ത സത്യവിരുദ്ധവും ,തെറ്റാധാരണാജനകവുമാണ്.

2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു നല്‍കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here