രാജ്യം തുറന്ന തടവറയായി മാറുന്നു; വരാൻ പോകുന്നത്‌ കേന്ദ്ര സർക്കാരിനെതിരായ ജനങ്ങളുടെ ട്വന്റി 20: ജസ്‌റ്റിസ്‌ കെ ചന്ദ്രു

രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ച്‌ തുറന്ന ജയിലാക്കി മാറ്റാനാണ്‌ നരേന്ദ്ര മോഡി–അമിത്‌ഷാ കൂട്ടുകെട്ട്‌ ശ്രമിക്കുന്നതെന്ന്‌ മദ്രാസ്‌ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ കെ ചന്ദ്രു പറഞ്ഞു.

ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരായ ജനങ്ങളുടെ ട്വന്റി–-20യാണ്‌ പുതുവർഷത്തോടെ വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയന്റെ പതിമൂന്നാം അഖിലേന്ത്യാ സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യം സമാനമായ സാഹചര്യങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഒരു രാജ്യം ഒരു ജനത എന്നുപറയുന്നവർ കശ്‌മീരിൽ ബിജെപിയുടെ രാഷ്‌ട്രീയ എതിരാളികളെയാകെ തടങ്കലിലോ തോക്കിൻ കുഴലിന്‌ മുന്നിലോ തളച്ചിട്ടിരിക്കുന്നു.

മൗലികാവകാശങ്ങളെയാകെ ഹനിച്ചു. അസമിൽ പൗരത്വ രജിസ്‌റ്ററിന്‌ പുറത്തായ 12 ലക്ഷം ഹിന്ദുക്കൾക്ക്‌ വേണ്ടിയാണ്‌ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്‌.

അല്ലാത്തവരെ മുഴുവൻ തടവറയിലാക്കും. അതിനായി തടവറകൾ പൂർത്തിയാകുന്നു. കർണാടകത്തിലും അത്തരം തടവറകൾ ഒരുങ്ങുന്നതായാണ്‌ വാർത്ത. പൗരത്വ രജിസ്‌റ്ററിലൂടെ രാജ്യത്തെയാകെ തുറന്ന തടവറയാക്കി മാറ്റാനാണ്‌ ശ്രമം.

രാജ്യത്തെ ഗുരുതര പ്രതിസന്ധികളിൽനിന്നു ശ്രദ്ധതിരിക്കാനാണ്‌ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നത്‌. വിശ്വാസ കാര്യത്തിൽ കോടതി ഇടപെടേണ്ട എന്നായിരുന്നു ശബരിമല വിധിയിൽ അവരുടെ നിലപാട്‌.

എന്നാൽ അയോധ്യകേസിൽ കോടതിവിധി അനുസരിക്കാൻ അവർ പറയുന്നു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട കോടതികളുടെ ഇടപെടലിലും ആശാവഹമല്ലാത്ത പ്രവണതകൾ കണ്ടുതുടങ്ങി.

ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും അസ്ഥിരപ്പെടുത്തുന്ന ഏതു നീക്കത്തെയും ചെറുത്തു തോൽപ്പിക്കണം. അതിന്‌ ജനങ്ങൾക്കൊപ്പംനിന്ന്‌ പോരാടേണ്ട കടമ അഭിഭാഷക സമൂഹം നിർവഹിക്കണമെന്നും ജസ്‌റ്റിസ്‌ ചന്ദ്രു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News